കോപ്പയില്‍ അട്ടിമറി ജയവുമായി പെറു ഫൈനലില്‍; ചിലി പുറത്ത്
1975ന് ശേഷം ആദ്യമായാണ് പെറു ഫൈനലില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറു ബ്രസീലിനോട് 5-0ത്തിന് തോറ്റിരുന്നു.
സാവോപോളോ: കോപ്പാ അമേരിക്കയിലെ ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീലുമായി പെറു കൊമ്പു കോര്‍ക്കും. സെമിഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലിക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ അട്ടിമറി ജയവുമായാണ് പെറു കലാശകൊട്ടിന് ടിക്കറ്റെടുത്തത്. 1975ന് ശേഷം ആദ്യമായാണ് പെറു ഫൈനലില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറു ബ്രസീലിനോട് 5-0ത്തിന് തോറ്റിരുന്നു.
മല്‍സരത്തിന്റെ ഏറിയ പങ്കും ആധിപത്യം പുലര്‍ത്തിയത് പെറുവായിരുന്നു. 21ാം മിനിറ്റില്‍ എഡിസണ്‍ ഫ്‌ളോറസിലൂടെയാണ് പെറു ലീഡ് നേടിയത്. തുടര്‍ന്ന് 38ാം മിനിറ്റില്‍ യോഷിമര്‍ യോട്ടനിലൂടെ പെറു രണ്ടാമത്തെ ഗോളും നേടി. രണ്ടാം പകുതിയില്‍ ചിലി ഉണര്‍ന്ന് കളിച്ചെങ്കിലും പെറു ഗോള്‍ കീപ്പര്‍ പെഡ്രോ ഗലാസിന്റെ മികച്ച സേവുകള്‍ പെറുവിന് രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു പെറുവിന്റെ മൂന്നാം ഗോള്‍. പൗളോ ഗൗറേറൊയിലൂടെയായിരുന്നു പെറുവിന്റെ ഈ ഗോള്‍. ഫൈനലില്‍ എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ചിലി. എന്നാല്‍ ഇതുവരെയുള്ള ചിലിയുടെ പ്രകടനങ്ങള്‍ പെറുവിനെതിരേ കാണാന്‍ ഇന്ന് ആരാധകര്‍ക്കായില്ല. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടും.