യൂറോ കപ്പില്‍ ഇന്ന് തീപ്പാറും ; ആദ്യജയത്തിനായി ജര്‍മ്മനി പോര്‍ച്ചുഗലിനെതിരേ
ജര്‍മ്മനിയില്‍ നടക്കുന്ന മല്‍സരം ഇന്ത്യന്‍ സമയം രാത്രി 9.30നാണ്.
മ്യൂണിക്ക്: യൂറോ കപ്പിലെ മരണഗ്രൂപ്പില്‍ ഇന്ന് തീപ്പാറും പോരാട്ടം. ഗ്രൂപ്പ് എഫില്‍ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് തോറ്റ ജര്‍മ്മനിയും ഹംഗറിയോട് മികച്ച ജയം നേടിയ പോര്‍ച്ചുഗലുമാണ് നേര്‍ക്ക് നേര്‍ വരുന്നത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനായി പോര്‍ച്ചുഗലിന് ഇന്ന് ഒരു ജയം കൂടി മതി. എന്നാല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജര്‍മ്മനിക്ക് ഇന്ന് ജയം അനിവാര്യമാണ്. ഫ്രാന്‍സിനെതിരേ മോശം പ്രകടനം നടത്തിയ ജര്‍മ്മന്‍ പട ഇന്ന് ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മികച്ച ഫോമില്‍ വരുന്ന പോര്‍ച്ചുഗലിനെ തളയ്ക്കുക പ്രയാസമാണ്. ജര്‍മ്മനിയില്‍ നടക്കുന്ന മല്‍സരം ഇന്ത്യന്‍ സമയം രാത്രി 9.30നാണ്.
ഇതേ ഗ്രൂപ്പില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഹംഗറി ഫ്രാന്‍സിനെ നേരിടും. വന്‍ ഫോമിലുള്ള ഫ്രാന്‍സിന് ഹംഗറി ഭീഷണി ആയേക്കില്ല. അനായാസം ഹംഗറിയെ വീഴ്ത്തി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ഫ്രഞ്ച് പടയുടെ ഒരുക്കം. മല്‍സരം 6.30നാണ്.
ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മല്‍സരത്തില്‍ സ്‌പെയിന്‍ പോളണ്ടിനെ നേരിടും. ആദ്യ മല്‍സരത്തില്‍ സ്വീഡന്‍ സ്‌പെയിനിനെ സമനിലയില്‍ തളച്ചിരുന്നു. കൂടാതെ സ്ലോവാക്കിയയെ വീഴ്ത്തി സ്വീഡന്‍ കഴിഞ്ഞ ദിവസം ആദ്യ ജയവും കരസ്ഥമാക്കി പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ സ്‌പെയിനിന് ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും പാടില്ല. പോളണ്ട് ആവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ സ്ലൊവാക്കിയയോട് 2-1ന് തോറ്റിരുന്നു. പോളണ്ടിനും ഇന്ന് ജയം അനിവാര്യമാണ്.സ്‌പെയിന്‍ നിരയില്‍ ബുസ്‌കറ്റസ് തിരിച്ചെത്തും.മല്‍സരം രാത്രി 12.30നാണ്.