ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് അടുത്ത സീസണ്‍ സപ്തംബറില്‍ തുടങ്ങും
പ്രീമിയര്‍ ലീഗ് ഷെയര്‍ ഹോള്‍ഡേഴ്സിന്റെ ഇന്ന് ചേര്‍ന്ന യോഗമാണ് തിയ്യതി പുറത്ത് വിട്ടത്. ഇതേ ആഴ്ച ലീഗ് വണ്‍, ലീഗ് ടൂ ചാംപ്യന്‍ഷിപ്പും അരങ്ങേറും.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ 2020-2021 സീസണ്‍ സപ്തംബര്‍ 12ന് തുടങ്ങും. പ്രീമിയര്‍ ലീഗ് ഷെയര്‍ ഹോള്‍ഡേഴ്സിന്റെ ഇന്ന് ചേര്‍ന്ന യോഗമാണ് തിയ്യതി പുറത്ത് വിട്ടത്. ഇതേ ആഴ്ച ലീഗ് വണ്‍, ലീഗ് ടൂ ചാംപ്യന്‍ഷിപ്പും അരങ്ങേറും. 2021 മെയ് 23നാണ് സീസണ്‍ അവസാനിക്കുക. ഈ വര്‍ഷത്തെ സീസണ്‍ ഞായറാഴ്ച അവസാനിക്കും. തുടര്‍ന്ന് ക്ലബ്ബുകള്‍ക്ക് ഏഴ് ആഴ്ച വിശ്രമം ലഭിക്കും. കൊറോണയെ തുടര്‍ന്ന് മല്‍സരം വീണ്ടും ആരംഭിച്ചപ്പോള്‍ ആഴ്ചയില്‍ രണ്ടുമല്‍സരം വീതമാണ് നടത്തിയത്.
ആഗസ്തില്‍ ചാംപ്യന്‍സ് ലീഗ് കളിക്കുന്ന പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് അടുത്ത സീസണ് മുന്‍പ് വിശ്രമം ലഭിക്കുക കുറവായിരിക്കും. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വോള്‍വ്സ് എന്നീ ക്ലബ്ബുകള്‍ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നിവയില്‍ കളിക്കുന്നുണ്ട്. ഈ ടീമുകള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കുന്ന തരത്തിലായിരിക്കും അടുത്ത സീസണ്‍ മല്‍സര തിയ്യതികള്‍ ക്രമീകരിക്കുക. ഈ വര്‍ഷത്തെ യൂറോപ്പാ ലീഗ് ഫൈനല്‍ ആഗസ്ത് 21നും ചാംപ്യന്‍സ് ലീഗ് ഫൈനല്‍ 23നുമാണ്.