പ്രീമിയര്‍ ലീഗ്; ഗോള്‍ഡന്‍ ബൂട്ട് മൂന്ന് പേര്‍ക്ക്; വാന്‍ ഡെക്ക് പ്ലെയര്‍ ഓഫ് ദി സീസണ്‍
ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇത്തവണത്ത പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ടിന് മൂന്ന് പേര്‍ അര്‍ഹരായി.
ലിവര്‍പൂള്‍ താരങ്ങളായ മുഹമ്മദ് സലാ, മാനെ, ആഴ്‌സണല്‍ താരം ഒബാമയാങ് എന്നിവരാണ് ബൂട്ട് സ്വന്തമാക്കിയത്. മൂന്ന് പേരും ആഫ്രിക്കന്‍ താരങ്ങളാണ് എന്ന പ്രത്യേകതയും അവാര്‍ഡിനുണ്ട്. മൂന്ന് പേരും 22 ഗോള്‍ വീതമാണ് സീസണില്‍ നേടിയത്. കൂടുതല്‍ ഗോളുമായി സലാ ആയിരുന്നു മുന്നില്‍. എന്നാല്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മാനെ, ഒബാമയാങ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി സലായ്‌ക്കൊപ്പമെത്തുകയായിരുന്നു. സലായാവട്ടെ ഇന്ന് ഗോള്‍ നേടിയില്ല. തുടര്‍ന്നാണ് മൂന്ന് പേരും അവാര്‍ഡിനര്‍ഹരായത്. പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം ലിവര്‍പൂള്‍ താരം വിര്‍ജനല്‍ വാന്‍ ഡെക്ക് സ്വന്തമാക്കി. സീസണിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. സാല, മാനെ, സിറ്റി താരങ്ങളായ സില്‍വ, സ്റ്റെര്‍ലിങ്, അഗ്വേറ, ചെല്‍സി താരം ഹസാര്‍ഡ് എന്നിവരെ തള്ളിയാണ് വാന്‍ ഡെക്ക് അവാര്‍ഡ് സ്വന്തമാക്കിയത്.
അതിനിടെ മികച്ച പ്ലേ മേക്കര്‍ അവാര്‍ഡ് ഹസാര്‍ഡ് സ്വന്തമാക്കി. 15 അസിസ്റ്റുകളാണ് ഹസാര്‍ഡ് നേടിയത്. കൂടാതെ 16 ഗോളുകളും ഹസാര്‍ഡ് നേടിയിട്ടുണ്ട്. അടുത്ത സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് വേണ്ടിയാണ് കളിക്കുക. പ്രീമിയര്‍ ലീഗ് അവസാനിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍ മറ്റൊരു നേട്ടവും സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനക്കാര്‍ നേടുന്ന ഏറ്റവും മികച്ച പോയിന്റാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 97 പോയിന്റാണ് ലിവര്‍പൂള്‍ നേടിയത്. ഇതിന് മുമ്പ് യുനൈറ്റഡ് ആണ് ഈ റെക്കോഡ് നേടിയത്. യുനൈറ്റഡ് 89 പോയിന്റാണ് മുമ്പ് നേടിയത്.