പ്രീമിയര്‍ ലീഗ്; നാലടിച്ച് ലെസ്റ്ററിനെയും മുക്കി ലിവര്‍പൂള്‍ തേരോട്ടം
മറ്റൊരു മല്‍സരത്തില്‍ ന്യൂകാസിലിനെ 4-1ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ വിജയകുതിപ്പ് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയെയും മറികടന്നാണ് ലിവര്‍പൂളിന്റ തേരോട്ടം. ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ലെസ്റ്റര്‍ സിറ്റിയെ ചെമ്പട മുക്കിയത്.
അട്ടിമറി വീരന്‍മാരെ ഒരിക്കല്‍ പോലും തല ഉയര്‍ത്താന്‍ വിടാതെയാണ് ലിവര്‍പൂള്‍ കിങ് പവര്‍ സ്‌റ്റേഡിയത്തില്‍ വെന്നിക്കൊടി നാട്ടിയത്. ഫിര്‍മിനോ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ മില്‍നറും അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. ജയത്തോടെ 52 പോയിന്റിന്റെ ലീഡുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ന്യൂകാസിലിനെ 4-1ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. മാര്‍ഷ്യല്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഗ്രീന്‍വുഡും റാഷ്‌ഫോഡും യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു. മറ്റ് മല്‍സരങ്ങളില്‍ സത്താംപട്ണിനോട് എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി തോറ്റു. ആഴ്‌സണല്‍ ബേണ്‍മൗത്തിനോട് 1-1ന് സമനില വഴങ്ങി. ബ്രങ്ടണെ 2-1ന് തോല്‍പ്പിച്ച് ടോട്ടന്‍ഹാം നിലഭദ്രമാക്കി. കാനെ, ദെലെ അലി എന്നിവര്‍ സ്പര്‍സിനായി സ്‌കോര്‍ ചെയ്തു. ലീഗില്‍ ചെല്‍സി നാലാമതും ടോട്ടന്‍ഹാം അഞ്ചാമതുമാണ്.