ചാംപ്യന്‍സ് ലീഗിന് യുനൈറ്റഡോ ചെല്‍സിയോ ലെസ്റ്ററോ; ഇന്നറിയാം

Update: 2020-07-26 12:12 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാനവട്ട പോരാട്ടം നടക്കുമ്പോള്‍ മൂന്ന് ടീമുകള്‍ക്ക് നിര്‍ണായകം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ സിറ്റി എന്നിവര്‍ക്കാണ് ഇന്ന് നിര്‍ണായക മല്‍സരം. അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായാണ് മൂന്ന് ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നത്. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും നേരത്തേ യോഗ്യത നേടിയിരുന്നു. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി അഞ്ചാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയാണ്. നാലാം സ്ഥാനത്തുള്ള ചെല്‍സി ആറാം സ്ഥാനത്തുള്ള വോള്‍വ്‌സിനെയാണ് നേരിടുക. നിലവില്‍ യുനൈറ്റഡ്, ചെല്‍സി എന്നീ ടീമുകള്‍ക്ക് 63 പോയിന്റാണ്. ലെസ്റ്ററിനാവാട്ടെ 62 പോയിന്റും.

    ഇത്തവണ കറുത്ത കുതിരകളായി മാറിയ ലെസ്റ്ററിന് ജയത്തില്‍ കൂടുതല്‍ ഒന്നും വേണ്ട. എന്നാല്‍ മറ്റ് ടീമുകളെ പോലെ ലെസ്റ്ററിന് സമ്മര്‍ദ്ധം ഇല്ല. സോള്‍ഷ്യറിന്റെ യുനൈറ്റഡിനും ലംപാര്‍ഡിന്റെ ചെല്‍സിക്കും ഇന്ന് അഭിമാന പോരാട്ടമാണ്. പ്രീമിയര്‍ ലീഗിലെ അട്ടിമറി വീരന്‍മാരായ ചെന്നായ്ക്കൂട്ടമാണ് വോള്‍വ്‌സ്. ചെല്‍സിയെ തോല്‍പ്പിക്കാന്‍ വോള്‍വസ്് മികവിനായേക്കും. മൂന്ന് ടീമുകള്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായി ഏറ്റുമുട്ടുമ്പോള്‍ വോള്‍വ്‌സും ടോട്ടന്‍ഹാം യൂറോപ്പാ ലീഗ് യോഗ്യതയ്ക്കായി ഏറ്റുമുട്ടും. വോള്‍വ്‌സിന് 59ഉം ടോട്ടന്‍ഹാമിന് 58ഉം പോയിന്റാണുള്ളത്. ടോട്ടന്‍ഹാമിന്റെ എതിരാളികള്‍ ക്രിസ്റ്റല്‍ പാലസാണ്.

    ഈ ടീമുകള്‍ക്ക് പുറമെ റെലഗേഷനില്‍ നിന്ന് രക്ഷനേടാന്‍ ആസ്റ്റണ്‍ വില്ല, വാറ്റ്‌ഫോഡ്, ബേണ്‍മൗത്ത് എന്നിവരും ഇന്നിറങ്ങുന്നുണ്ട്. നോര്‍വിച്ച് സിറ്റി ലീഗില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. 17ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയ്ക്കും 18ാം സ്ഥാനത്തുള്ള വാറ്റ്‌ഫോഡിനും 34 പോയിന്റ് വീതമാണുള്ളത്. 19ാം സ്ഥാനത്തുള്ള ബേണ്‍മൗത്തിന് 31 പോയിന്റും. വാറ്റ്‌ഫോഡിന്റെ എതിരാളികള്‍ ആഴ്‌സണലാണ്. ബേണ്‍മൗത്തിന്റെ എതിരാളി എവര്‍ട്ടണാണ്. അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ടില്‍ തീപ്പാറും മല്‍സരങ്ങളോടെയായിരിക്കും ലീഗിന് പരിസമാപ്തി കുറിക്കുക. മല്‍സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് തുടങ്ങുക.

Premier League: Who can qualify for Champions League and Europa League? 

Tags:    

Similar News