ചാംപ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡിന് സമനില; അത്‌ലറ്റിക്കോയ്ക്ക് ജയം
കരുത്തരായ ഇന്റര്‍മിലാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ശക്തര്‍ ഡൊണറ്റ്‌സക്ക്.
മാഡ്രിഡ്: ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ റയല്‍ മാഡ്രിഡിന് കടുത്തതാവുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ശക്തര്‍ ഡൊണറ്റസക്കിനോട് തോറ്റ റയല്‍ ഇന്ന് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചായോട് സമനില വഴങ്ങി. തോല്‍വിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടാണ് സിദാന്റെ കുട്ടികള്‍ സമനിലയിലെത്തിയത്. 33, 58 മിനിറ്റുകളിലായി ജര്‍മ്മന്‍ ക്ലബ്ബ് രണ്ട് ഗോളുകള്‍ നേടി ലീഡെടുത്തു. മുന്‍ നിര താരങ്ങള്‍ എല്ലാം ഇറങ്ങിയിട്ടും റയലിന് ഗോള്‍ നേടാന്‍ ആയില്ല. തുടര്‍ന്ന് അവസാന അഞ്ച് മിനിറ്റിലാണ് റയല്‍ തിരിച്ചടിച്ചത്.87ാം മിനിറ്റില്‍ കാസിമറോയുടെ അസിസ്റ്റില്‍ നിന്ന് കരീം ബെന്‍സിമയും റാമോസിന്റെ അസിസ്റ്റില്‍ നിന്ന് ഇഞ്ചുറി ടൈമില്‍ കാസിമറോയും ഗോള്‍ നേടി.
ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ അത്‌ലറ്റിക്കോ മാഡ്രിഡ് 3-2ന് തോല്‍പ്പിച്ചു. ലോറന്റേ, സെക്വേറാ(ഡബിള്‍) എന്നിവരാണ് മാഡ്രിഡിന്റെ സ്‌കോറര്‍മാര്‍. ഗ്രൂപ്പ് ബിയില്‍ കരുത്തരായ ഇന്റര്‍മിലാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ശക്തര്‍ ഡൊണറ്റ്‌സക്ക്. നിലവിലെ ചാംപ്യന്‍സമാരായ ബയേണ്‍ മ്യൂണിക്ക് ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ ലോകോമോറ്റീവ് മോസ്‌കോയെ 2-1നും തോല്‍പ്പിച്ചു.