ചാംപ്യന്‍സ് ലീഗ്; ആന്‍ഫീല്‍ഡില്‍ ഇന്ന് റയല്‍-ലിവര്‍പൂള്‍ അങ്കം
2018ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ ലിവര്‍പൂളിനെ 3-1ന് തോല്‍പ്പിച്ചിരുന്നു.
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ മുന്‍ ചാംപ്യന്‍മാര്‍ തമ്മില്‍ ഇന്ന് തീപ്പാറും പോരാട്ടം.ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലാണ് ഇംഗ്ലിഷ് -സ്പാനിഷ് ശക്തികള്‍ നേര്‍ക്ക് നേര്‍ വരുന്നത്. ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ (13) ഉം ആറ് തവണ കിരീടം നേടിയ ലിവര്‍പൂളും ആണ് ആന്‍ഫീല്‍ഡില്‍ കൊമ്പുകോര്‍ക്കുന്നത്. ആദ്യപാദത്തില്‍ 3-1ന് റയല്‍ ജയിച്ചിരുന്നു. ഈ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന റയലിന് കാര്യങ്ങള്‍ എളുപ്പമാവും. എന്നാല്‍ ചെമ്പടയ്ക്ക് രണ്ടില്‍ കൂടുതല്‍ ഗോളുകള്‍ അടിച്ചുവേണം ഇന്ന് ജയിക്കാന്‍. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡ് കഴിഞ്ഞ കുറച്ച മല്‍സരങ്ങളില്‍ അവര്‍ക്ക് തോല്‍വിയാണ് നല്‍കാറ്. എന്നാല്‍ പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരം ആന്‍ഫീല്‍ഡില്‍ ജയിച്ചിരുന്നു. റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗിലും കിരീട പോരാട്ടത്തില്‍ മുന്‍മ്പിലുണ്ട്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും റാഫേല്‍ വരാനെയും ലൂക്കാസ് വാസ്‌കുസും ഇന്ന് റയല്‍ നിരയില്‍ കളിക്കില്ല.ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണ്‍, ഡിവോക്ക് ഒറിഗി, വാന്‍ ഡെക്ക്, ജോ ഗോമസ്, മാറ്റിപ്പ് എന്നിവരുടെ കുറവ് ലിവര്‍പൂളിനെ കാര്യമായി ബാധിക്കും. 2018ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ ലിവര്‍പൂളിനെ 3-1ന് തോല്‍പ്പിച്ചിരുന്നു. രാത്രി 12.30നാരംഭിക്കുന്ന മല്‍സരങ്ങള്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച് ഡി, സോണി സിക്‌സ് എന്നിവയില്‍ സംപ്രേക്ഷണം ചെയ്യും.