പ്രീമിയര്‍ ലീഗ് റെലഗേഷന്‍; പോരാട്ടം കനക്കുന്നു
കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ആശ്വാസം നേടിയപ്പോള്‍ വാറ്റ്‌ഫോഡ് വീണ്ടും പ്രതിസന്ധിയിലായി.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അവസാന റൗണ്ട് മല്‍സരങ്ങള്‍ തുടരുമ്പോള്‍ റെലഗേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ക്ലബ്ബുകള്‍ വിയര്‍ക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ആശ്വാസം നേടിയപ്പോള്‍ വാറ്റ്‌ഫോഡ് വീണ്ടും പ്രതിസന്ധിയിലായി.
ആഴ്‌സണലിനെ ഒരു ഗോളിന് തോല്‍പ്പിച്ചു കൊണ്ട് ആസ്റ്റണ്‍ വില്ല താല്‍ക്കാലികമായി രക്ഷപ്പെട്ടു. 17ാം സ്ഥാനത്തുള്ള വില്ലയ്ക്ക് 34 പോയിന്റായി. വില്ലയുടെ അവസാന മല്‍സരം വെസ്റ്റ്ഹാം യുനൈറ്റഡിനെതിരേയാണ്. ഇത് ജയിച്ച് ലീഗില്‍ സുരക്ഷിതമാവാനാണ് വില്ല ശ്രമിക്കുക. മാഞ്ചസ്റ്റര്‍ സിറ്റിയോട് വമ്പന്‍ തോല്‍വിയാണ് വാറ്റ്‌ഫോഡ് നേരിട്ടത്. വാറ്റ്‌ഫോഡിന്റെ അവസാന ദിവസത്തെ എതിരാളി ആഴ്‌സണലാണ്. 18ാം സ്ഥാനത്തുള്ള വാറ്റ്‌ഫോഡിന് 34 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ വില്ലയാണ് മുന്നില്‍. ഇന്ന് എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി വാറ്റ്‌ഫോഡിനെ തകര്‍ത്തത്. സിറ്റിക്ക് വേണ്ടി സ്‌റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടി. ഫോഡന്‍, ലപോര്‍റ്റെ എന്നിവരാണ് സിറ്റിയുടെ മറ്റ് സ്‌കോറര്‍മാര്‍. 19ാം സ്ഥാനത്തുള്ള ബേണ്‍മൗത്തിന്റെ അവസാമല്‍സരം എവര്‍ട്ടണെതിരേയാണ്. നോര്‍വിച്ചും ബേണ്‍മൗത്തും ലീഗില്‍ നിന്ന് പുറത്തായിരുന്നു.