ചാംപ്യന്‍സ് ലീഗ്; ബാഴ്‌സ പുറത്തേക്ക്; ലെവന്‍ഡോസ്‌കിയുടെ ഡബിളും പാഴായി
വിക്ടോറിയ ജയിച്ചാല്‍ മാത്രമാണ് ബാഴ്‌സയുടെ പ്രതീക്ഷ.
ക്യാംപ്നൗ: ചാംപ്യന്‍സ് ലീഗില്‍ ഇത്തവണയും അവസാന 16ല്‍ ഇടം നേടാനാവാതെ ബാഴ്‌സലോണ പുറത്തേക്ക്. ഇന്ന് ഇന്റര്‍മിലാനോട് 3-3ന് കറ്റാലന്‍സ് സമനില വഴങ്ങിയതാണ് തിരിച്ചടിയായത്. നിലവില്‍ ഗ്രൂപ്പ് സിയില്‍ ബാഴ്‌സ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇന്റര്‍മിലാന്‍ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തും. അവസാന മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനെ വന്‍ മാര്‍ജിനില്‍ വീഴ്ത്തിയാല്‍ ഗോള്‍ ശരാശരിയില്‍ ഇന്ററിനെ പിന്തള്ളി പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ ബാഴ്‌സയ്ക്ക് നേരിയ സാധ്യത നിലനില്‍ക്കും.എന്നാല്‍ അവസാന മല്‍സരത്തില്‍ ഇന്ററിന്റെ എതിരാളി ദുര്‍ബലരായ വിക്ടോറിയാ പ്ലാന്‍ ആണ്. വിക്ടോറിയക്കെതിരേ ഇന്റര്‍ അനായാസം ജയം കാണുമ്പോള്‍ ബാഴ്‌സ യൂറോപ്പാ ലീഗിലേക്ക് തരം താഴും. വിക്ടോറിയ ജയിച്ചാല്‍ മാത്രമാണ് ബാഴ്‌സയുടെ പ്രതീക്ഷ.
ഉസ്മാനെ ഡെംബലെയിലൂടെ 40ാം മിനിറ്റില്‍ ബാഴ്‌സ ലീഡെടുത്തു. ആദ്യ പകുതിയില്‍ ബാഴ്‌സ മികച്ച കളിയാണ് പുറത്തെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബാരല്ല(50), ലൗട്ടേരോ മാര്‍ട്ടിന്‍സ് (63) എന്നിവരിലൂടെ (63) ഇന്റര്‍ തിരിച്ചടിച്ച് ലീഡെടുത്തു. എന്നാല്‍ ലെവന്‍ഡോസ്‌കി ബാഴ്‌സയുടെ രക്ഷകനായി അവതരിച്ചു. താരം 82ാം മിനിറ്റില്‍ കറ്റാലന്‍സിനായി സമനില പിടിച്ചു. വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ഇന്റര്‍ 89ാം മിനിറ്റില്‍ ഗോസെനിലൂടെ വീണ്ടും ലീഡെടുത്തു. ഇന്റര്‍ ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമില്‍ ലെവന്‍ഡോസ്‌കി വീണ്ടും സ്‌കോര്‍ ചെയ്തത്. എന്നാല്‍ ഒരു ഗോള്‍ കൂടി നേടാനുള്ള കരുത്ത് ബാഴ്‌സയ്ക്ക് ഇല്ലായിരുന്നു. വന്‍ താരനിര ഉണ്ടായിട്ടും ഇത്തവണയും യൂറോപ്പാ ലീഗില്‍ കളിക്കാനാവും കറ്റാലന്‍സിന്റെ യോഗം.ഗ്രൂപ്പ് സിയില്‍ നിന്ന് നാലില്‍ നാല് ജയവുമായി ബയേണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.