യുവേഫാ ബെസ്റ്റ് പ്ലെയര്‍ ലെവന്‍ഡോസ്‌കി; മിഡ് ഫീല്‍ഡര്‍ ഡി ബ്രൂണി, കോച്ച് ഫ്‌ളിക്‌സ്
ആദ്യ പത്തില്‍ മെസ്സി നാലാം സ്ഥാനത്തും നെയ്മര്‍ അഞ്ചാം സ്ഥാനത്തുമാണ്. ക്രിസ്റ്റ്യാനോ 10ാം സ്ഥാനത്താണ്.
ലണ്ടന്‍: യുവേഫായുടെ മികച്ച താരമായി ബയേണ്‍ മ്യുണിക്കിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി. ബയേണിനെ സീസണില്‍ നാല് കിരീടങ്ങള്‍ നേടാന്‍ സഹായിച്ച ലെവന്‍ഡോസ്‌കി യൂറോപ്പിലെ ടോപ് സ്‌കോറര്‍ കൂടിയാണ്. 55 ഗോളാണ് പോളണ്ട് താരം നേടിയത്. മികച്ച ഫോര്‍വേഡിനായുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കി നേടി. ബയേണിന്റെ തന്നെ മാനുവല്‍ നൂയര്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂണി എന്നിവരെ പിന്‍തള്ളിയാണ് താരം പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച ഗോള്‍ കീപ്പറായി മാനുവല്‍ നൂയറെ തിരഞ്ഞെടുത്തപ്പോള്‍ മികച്ച മിഡ് ഫീല്‍ഡറായി ഡിബ്രൂണിയെ തിരഞ്ഞെടുത്തു. മികച്ച ഡിഫന്‍സറായി കിമ്മിച്ചിനെയും തിരഞ്ഞെടുത്തു. മികച്ച പരിശീലകനായി ബയേണിന്റെ ഹാന്‍സി ഫ്‌ളിക്കിനെയും തിരഞ്ഞെടുത്തു. ഇന്ന് നടന്ന ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പിന് ശേഷമാണ് യുവേഫാ അവാര്‍ഡ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പിലൂടെയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. മികച്ച താരത്തിനുള്ള ആദ്യ പത്തില്‍ മെസ്സി നാലാം സ്ഥാനത്തും നെയ്മര്‍ അഞ്ചാം സ്ഥാനത്തുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 10ാം സ്ഥാനത്താണ്.