റോം: കൊറോണയെ തുടര്‍ന്ന് ഇറ്റലിയിലെ ഫുട്‌ബോള്‍ സീസണ്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചാലും യുവന്റസ് കിരീടം സ്വീകരിക്കില്ലെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. സീസണ്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നത് ആരാധകരോട് ചെയ്യുന്ന അനീതിയാണ്. എന്നാല്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ സീസണ്‍ അവസാനിപ്പിക്കേണ്ടി വരുമെന്നും പ്രസിഡന്റ് ഗബ്രിയേലാ ഗ്രാവിനാ അറിയിച്ചു. നിലവിലെ ജേതാക്കളായ യുവന്റസാണ് ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ഒരു പോയിന്റ് വ്യത്യാസത്തില്‍ ലാസിയോയാണ്. സീസണ്‍ അവസാനിക്കാന്‍ 12 മല്‍സരങ്ങള്‍ കൂടിയാണ് സീരി എയില്‍ ഉള്ളത്. ഈ സീസണ്‍ ഇതോടെ അവസാനിക്കുമെന്നാണ് ഫിയൊറന്റീന, ടൊറീനോ എന്നീ ക്ലബ്ബുകളുടെ മേധാവികള്‍ അറിയിച്ചത്. മെയ് 20ന് ശേഷമോ ജൂണ്‍ മാസത്തിലോ സീസണ്‍ തുടരാമെന്നാണ് അസോസിയേഷന്‍ ആലോചിക്കുന്നത്. ദിവസവും മല്‍സരങ്ങള്‍ നടത്തുന്ന ഷെഡ്യൂളുകളിലൂടെ സീസണ്‍ അവസാനിപ്പിക്കണമെന്നാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍ പട്ടം ഉറപ്പിച്ച ലിവര്‍പൂളിന് സീസണ്‍ അവസാനിപ്പിക്കാതെ കിരീടം നല്‍കില്ലെന്ന് ലീഗ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.