യൂറോയില്‍ സ്‌പെയിനും സ്വീഡനും നേര്‍ക്കുനേര്‍; പോളണ്ടും ഇന്നിറങ്ങും
ഗ്രൂപ്പ് ഡിയില്‍ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് സ്‌കോട്ട്‌ലാന്റിനെ നേരിടും.
മാഡ്രിഡ്; മൂന്ന് തവണ യൂറോ കപ്പ് സ്വന്തമാക്കിയ സ്പാനിഷ് ടീം യൂറോയില്‍ ഇന്ന് ആദ്യ അങ്കത്തില്‍ സ്വീഡനെ നേരിടും.ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മല്‍സരം സ്‌പെയിനിലെ സെവ്വിയ്യയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ന് ആരംഭിക്കും. 2004ന് ശേഷം യൂറോയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നേറാത്ത സ്വീഡനേക്കാള്‍ മുന്‍ തൂക്കം കോച്ച് ലൂയി എന്ററികെയുടെ സ്‌പെയിനിനാണ്. ബുസ്‌ക്റ്റ്‌സ്, യൊറന്റെ, സെര്‍ജിയോ റാമോസ് എന്നിവര്‍ ഇന്ന് സ്‌പെയിന്‍ ടീമിനൊപ്പമില്ല. യുവനിരയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ടീം.തിയാഗോ, റൊഡ്രി, ലപ്പോര്‍റ്റെ, ടോറസ്, ഡിഹിയാ, മൊറാറ്റാ എന്നിവര്‍ എല്ലാ ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. വലിയ പ്രതീക്ഷകള്‍ ഇല്ലെങ്കിലും സ്‌പെയിനിനെ ഞെട്ടിക്കാമെന്ന പ്രതീക്ഷയിലാണ് ലാര്‍സന്‍, ഓല്‍സന്‍, ലിന്‍ഡോള്‍ഫ് എന്നിവരടങ്ങിയ സ്വീഡിഷ് സംഘം.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ പോളണ്ട് സ്ലൊവാക്കിയയെ നേരിടും. റോബര്‍ട്ടോ ലെവന്‍ഡോസ്‌കി എന്ന ഒറ്റയാനില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് 2016ലെ ക്വാര്‍ട്ടര്‍ സ്ഥാനക്കാരായ പോളണ്ട് ഇന്നിറങ്ങുന്നത്. രാത്രി 9.30നാണ് മല്‍സരം. ഗ്രൂപ്പ് ഡിയില്‍ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് സ്‌കോട്ട്‌ലാന്റിനെ നേരിടും. 1998ന് ശേഷം ആദ്യമായാണ് ഒരു മെഗാ ടൂര്‍ണ്ണമെന്റില്‍ സ്‌കോട്ട്‌ലാന്റ് കളിക്കുന്നത്. മോശം ഫോമിലാണെങ്കിലും മികച്ച താരനിരയുള്ള ടീമാണ് ചെക്ക് റിപ്പബ്ലിക്ക്.