ലാ ലിഗ; അത്‌ലറ്റിക്കോ ഒന്നില്‍; ബാഴ്‌സ വിജയതീരത്ത്
ഹുസ്‌കയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ തകര്‍ത്തത്.
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. ആല്‍വ്‌സിനെ തോല്‍പ്പിച്ചാണ് സിമിയോണിയുടെ കുട്ടികള്‍ ലീഗിലെ തലപ്പത്ത് സ്ഥാനം ഉറപ്പിച്ചത്. 2-1നാണ് അത്‌ലറ്റിക്കോയുടെ ജയം. ലോറന്റെ, ലൂയിസ് സുവാരസ് എന്നിവരാണ് അത്‌ലറ്റിക്കോയുടെ ഗോളുകള്‍ നേടിയത്. ലോറന്റെയുടെ ഗോളിന് അസിസ്റ്റ് ഒരുക്കിയത് സുവാരസാണ്. ഹുസ്‌കയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ തകര്‍ത്തത്. ജയത്തോടെ ബാഴ്‌സ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. 27ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്നാണ് ഡിജോങ് കറ്റാലന്‍സിന്റെ വിജയഗോള്‍ നേടിയത്. ലീഗിലെ മൂന്നാം സ്ഥാനക്കാരായ റയല്‍ സോസിഡാഡിന് സമനില. ഒസാസുനയാണ് സോസിഡാഡിനെ സമനിലയില്‍ പിടിച്ചത്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് വന്‍ ജയം. മെയിന്‍സിനെ 5-2നാണ് ബയേണ്‍ തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലാണ് ബയേണിന്റെ അഞ്ച് ഗോളുകളും പിറന്നത്. കിമ്മിച്ച്, സാനെ, സുലേ, ലെവന്‍ഡോസ്‌കി (ഡബിള്‍ ) എന്നിവരാണ് ബയേണിനായി വലകുലിക്കിയവര്‍. മെയിന്‍സ് ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. ലീഗില്‍ ബയേണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.