
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നിന്ന ഗോകുലം കേരള പുറത്ത്. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തില്‍ കരുത്തരായ എഫ്സി ഗോവയോട് തോറ്റാണ് ടീം പുറത്തായത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ജയത്തോടെ ഗോവ സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറിലെത്തി.
ഗോവന്‍ താരം ഇകര്‍ ഗുറൊക്സീന ഹാട്രിക്കോടെ തിളങ്ങി. 22-ാം മിനിറ്റിലാണ് താരം മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തുന്നത്. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ പിറന്നത്. പിന്നാലെ 35-ാം മിനിറ്റിലും താരം വലകുലുക്കിയതോടെ ആദ്യപകുതി ഗോകുലം രണ്ടുഗോളുകള്‍ക്ക് പിന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഹാട്രിക് തികച്ച സ്പാനിഷ് സ്ട്രൈക്കര്‍ ഗോവയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചു.
കഴിഞ്ഞദിവസം നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജയം. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.