ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച 24 ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് വരുന്നു. 2021ലാണ് ആദ്യ ക്ലബ്ബ് ലോകകപ്പ് അരങ്ങേറുക. ചൈനയായിരിക്കും ആതിഥേയത്വം വഹിക്കുക. നിലവില്‍ വര്‍ഷം തോറും നടക്കുന്ന ക്ലബ്ബ് ലോകകപ്പ് ഇതോടെ നിര്‍ത്തലാക്കും. നാലുവര്‍ഷം കൂടുമ്പോഴാണ് ക്ലബ്ബ് ലോകകപ്പും നടക്കുക. 2021 ലെ ലോകകപ്പിനായി റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു. 2021ന് മുമ്പുള്ള നാലു വര്‍ഷങ്ങളില്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയവര്‍ക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാമെന്നാണ് ഫിഫയുടെ തീരുമാനം. ഇതനുസരിച്ചാണ് 2018ല്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയലും 2019ല്‍ കിരീടം നേടിയ ലിവര്‍പൂളും ലോകകപ്പിലേക്ക് യോഗ്യത നേടിയത്. 2020, 2021 വര്‍ഷങ്ങളിലെ ചാംപ്യന്‍മാര്‍ക്കും യോഗ്യത നേടാം. യൂറോപില്‍ നിന്ന് എട്ട് ടീമുകളാണ് ഉണ്ടാവുക. ഒരു രാജ്യത്തുനിന്ന് രണ്ട് ടീമുകളില്‍ കൂടുതലുള്ള ക്ലബ്ബുകള്‍ക്ക് കളിക്കാനാവില്ല. ഈ നാലു ക്ലബ്ബുകളെ കൂടാതെ നാലു ക്ലബ്ബുകള്‍ കൂടി യൂറോപില്‍ നിന്നു തിരഞ്ഞെടുക്കപ്പെടും. യുവേഫയുടെ ക്ലബ്ബ് റാങ്കിങിലെ ടോപ് ഫോര്‍ ടീമുകളായിരിക്കും ഇവര്‍. എന്നാല്‍ ഇതില്‍ നേരത്തേ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് തൊട്ട് താഴെയുള്ള ക്ലബ്ബുകള്‍ക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാം. നിലവില്‍ ബാഴ്‌സലോണ, ബയേണ്‍ മ്യുണിക്ക്, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നിവരാണ് റാങ്കിങില്‍ മുന്നിലുള്ളത്. 2021ലെ റാങ്കിങ് പ്രകാരമായിരിക്കും യോഗ്യത നേടുക. പ്രമുഖ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫയുടെ ടോപ് 10ല്‍ ഉള്‍പ്പെട്ടിട്ടില്ല. 2021ലെ ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയോ റാങ്കിങില്‍ ടോപ് 5ല്‍ തിരിച്ചെത്തുകയോ ചെയ്താല്‍ മാത്രമാണ് യുനൈറ്റഡിന് ആദ്യ ലോകകപ്പില്‍ കളിക്കാന്‍ കഴിയുക. ലാറ്റിനമേരിക്കന്‍ ക്ലബ്ബുകളും ലോകകപ്പില്‍ പങ്കെടുക്കും. അതിനിടെ ക്ലബ്ബ് ലോകകപ്പ് ടൂര്‍ണമെന്റുകള്‍ ഭീഷണിയാണെന്ന് യുവേഫ ആരോപിച്ചു. ഫിഫയുടെ നടപടി ക്ലബ്ബ് ഫുട്‌ബോളിന്റെ മാര്‍ക്കറ്റ് ഇടിയാന്‍ കാരണമാവുമെന്നാണ് യുവേഫായുടെ കണ്ടെത്തല്‍.