മൊണോക്കോ: യുവേഫയുടെ 2018-19 സീസണിലെ മികച്ച ഫുട്‌ബോളറെ ഇന്ന് പ്രഖ്യാപിക്കും. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ഡിക് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ബാഴ്‌സലോണ താരം ലയണല്‍ മെസ്സി (അർജന്റീന), യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോർത്തുഗൽ), ലിവര്‍പൂള്‍ താരം വിർജിൽ വാന്‍ഡിക് (ഹോളണ്ട്) എന്നിവരെ ഉൾപ്പെടുത്തി കഴിഞ്ഞദിവസം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മൊണോക്കോയില്‍ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് നടക്കുന്നതിനൊപ്പമാണ് പുരസ്‌കാര പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചായിരുന്നു പുരസ്‌കാരം സ്വന്തമാക്കിയത്.
ബാഴ്‌സലോണയ്ക്കായുള്ള മികച്ച പ്രകടനമാണ് മെസ്സിയെ അവസാന റൗണ്ടില്‍ എത്തിച്ചത്. ബാഴ്‌സയെ സ്പാനിഷ് ലീഗ് ചാംപ്യന്‍മാരാക്കുന്നതിലും മെസ്സി നിര്‍ണായക പങ്കുവഹിച്ചു. യുവന്റസിനായുള്ള മികവും പോര്‍ത്തുഗലിനെ പ്രഥമ യുവേഫ നാഷന്‍സ് ലീഗ് ജേതാക്കളാക്കിയതിന് പിന്നിലെ പ്രകടനവുമാണ് റൊണാള്‍ഡോയുടെ സാധ്യതകള്‍. പ്രതിരോധക്കാരനായ വാന്‍ഡിക്കാകട്ടെ ലിവര്‍പൂളിന്റെ പിന്‍നിരയിലെ മതിലാണ്. ഇംഗ്ലീഷ് ടീമിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ വാൻഡിക്കിന് വലിയ സ്ഥാനമുണ്ടായിരുന്നു.