പ്രീമിയര്‍ ലീഗ്: ലെസ്റ്ററിനെ തള്ളി ചെല്‍സി മൂന്നില്‍; വാറ്റ്ഫോഡിന് ആശ്വാസ ജയം
രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കളിച്ച ലംബാര്‍ഡിന്റെ കുട്ടികള്‍ ആറാം മിനിറ്റില്‍ ലീഡെടുത്തു.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അവസാന വട്ട പോരാട്ടം ശക്തമാവുന്നു. മുന്‍ നിര ടീമുകള്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായി പോരാടുമ്പോള്‍ അവസാന സ്ഥാനക്കാര്‍ റെലഗേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. 14ാം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി ചെല്‍സി മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കളിച്ച ലംബാര്‍ഡിന്റെ കുട്ടികള്‍ ആറാം മിനിറ്റില്‍ ലീഡെടുത്തു.
വില്ല്യന്‍ അസിസ്റ്റില്‍ ജിറൗഡിന്റെ വകയായിരുന്നു ഗോള്‍. തുടര്‍ന്ന് 27ാം മിനിറ്റില്‍ പുലിസിക്കിന്റെ വക രണ്ടാം ഗോള്‍. എന്നാല്‍ 34ാം മിനിറ്റില്‍ സാഹയിലൂടെ ഗോള്‍ നേടി പാലസ് നീലപ്പടയെ ഞെട്ടിച്ചു. പാലസിന്റെ ഈ സന്തോഷം അധിക നേരം നിന്നില്ല. അബ്രാമിലൂടെ ചെല്‍സി 71ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ലീഡെടുത്തു. വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ക്രിസ്റ്റല്‍ പാലസ് ബെന്‍ടെക്കിലൂടെ തൊട്ടടുത്ത നിമിഷം രണ്ടാം ഗോള്‍ നേടി. തുടര്‍ന്ന് ഒരു സമനിലയ്ക്കായി പാലസ് ഏറെ ശ്രമിച്ചെങ്കിലും ചെല്‍സി പ്രതിരോധം അവരെ പിടിച്ചുകെട്ടി.
അതിനിടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ലെസ്റ്റര്‍ നാലാം സ്ഥാനത്തേക്ക് വീണു. ആഴ്സണലിനോട് സമനില വഴങ്ങിയതോടെയാണ് ലെസ്റ്റര്‍ താഴേക്ക് വീണത്. 17ാം സ്ഥാനത്തുള്ള വാറ്റ്ഫോഡിന് ഇന്നലെ ആശ്വാസ ജയം. അവസാന സ്ഥാനത്തുള്ള നോര്‍വിച്ചിനെ 2-1ന് തോല്‍പ്പിച്ചാണ് വാറ്റ്ഫോഡ് നില ഭദ്രമാക്കിയത്. എന്നാല്‍ നോര്‍വിച്ചിന്റെ പുറത്താകല്‍ ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ബ്രിങ്ടണെ നേരിടും. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലുമായി കൊമ്പുകോര്‍ക്കും.