യൂറോ കപ്പില്‍ മരണ ഗ്രൂപ്പ് ഇന്നിറങ്ങും; ജര്‍മ്മനി-ഫ്രാന്‍സ്, ഹംഗറി-പോര്‍ച്ചുഗല്‍

രാത്രി 12.30ന് മ്യുണിക്കില്‍ നടക്കുന്ന മല്‍സരത്തില്‍ ജര്‍മ്മനിയും ഫ്രാന്‍സുമാണ് ഏറ്റുമുട്ടുന്നത്.

Update: 2021-06-15 06:21 GMT


മ്യൂണിക്ക്: യൂറോ കപ്പിലെ ഏറ്റവും ആവേശകരമായ മല്‍സരങ്ങള്‍ക്കാണ് ഇന്ന് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫില്‍ ഇന്ന് പോരിനിറങ്ങുന്നത് ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, പോര്‍ച്ചുഗല്‍ എന്നിവരാണ്. ആദ്യ മല്‍സരം ബുഡാപെസ്റ്റില്‍ രാത്രി 9.30ന് നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും ഹംഗറിയും തമ്മിലാണ്.


രാത്രി 12.30ന് മ്യുണിക്കില്‍ നടക്കുന്ന മല്‍സരത്തില്‍ 2014ലെ ലോകകപ്പ് ജേതാക്കളായ ജര്‍മ്മനിയും 2018ലെ ജേതാക്കളായ ഫ്രാന്‍സുമാണ് ഏറ്റുമുട്ടുന്നത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന എട്ടോളം മികച്ച താരങ്ങള്‍ പോര്‍ച്ചുഗലിനൊപ്പമുണ്ട്. തുടര്‍ച്ചയായ 11 ജയങ്ങളുമായാണ് ഹംഗറിയുടെ വരവ്. കരുത്തരായ പോര്‍ച്ചുഗലിനെ ഞെട്ടിക്കാന്‍ തന്നെയാണ് അവരുടെ വരവ്. ബെര്‍ണാഡോ സില്‍വസ ജോട്ടാ, ബ്രൂണോ ഫെര്‍ണാണ്ടസ്, വില്ല്യം കാര്‍വെലോ, റൂബന്‍ ഡയസ്, പെപ്പെ എന്നിവരടങ്ങിയ താരനിരയ്ക്ക് വന്‍ ജയത്തില്‍ കുറഞ്ഞ ലക്ഷ്യങ്ങളില്ല.


കഴിഞ്ഞ യൂറോ സെമിയില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചായിരുന്നു ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശനം. അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ പോലും ജര്‍മ്മനിക്ക് ഫ്രഞ്ച് പടയെ തടയാനായിട്ടില്ല. മുള്ളര്‍, ഹാവെര്‍ട്‌സ്, ഗ്നാബെറി, വെര്‍ണര്‍ , ക്രൂസ്, ഗുണ്‍ഡോങ്, മാറ്റ് ഹമ്മല്‍സ്, കിമ്മിച്ച് എന്നിവരാണ് ജര്‍മ്മനിയുടെ കരുത്ത്.


പരിക്കേറ്റ കരിം ബെന്‍സിമ ഇന്ന് ടീമിനൊപ്പം ചേരും. അന്റോണിയോ ഗ്രീസ്മാനും കിലിയന്‍ എംബാപ്പെയും ബെന്‍സിമയും ഇന്ന് ഫ്രാന്‍സിനായി അറ്റാക്കില്‍ ഇറങ്ങും. മധ്യനിരയില്‍ പോഗ്‌ബെ,റാബിയോ,കാന്റെ എന്നിവര്‍ ഇറങ്ങും.മല്‍സരങ്ങള്‍ സോണി നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും.








Tags:    

Similar News