പാരിസ്: പിഎസ്ജി താരം നെയ്മര്‍ ബാഴ്‌സയിലേക്ക് ചേക്കേറുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. പ്രീസീസണിന് മുന്നോടിയായി താരം ഇന്ന് പരിശീലനത്തിന് പിഎസ്ജിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ബാഴ്‌സയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന നെയ്മര്‍ ഒരാഴ്ചയായി ടീമിനൊപ്പം പരിശീലനത്തിന് എത്തിയിരുന്നില്ല. താരം ഒറ്റയ്ക്കായിരുന്നു പരിശീലനം നടത്തിയത്. തുടര്‍ന്ന് പിഎസ്ജി അധികൃതര്‍ ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് ടീമിനൊപ്പം ചേരാന്‍ താക്കിത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ടീം വിടാനുള്ള തീരുമാനം നെയ്മര്‍ പിഎസ്ജിയെ നേരത്തെ അറിയിച്ചിരുന്നു. ബാഴ്‌സയ്ക്കായി കളിക്കാനാണ് ആഗ്രഹമെന്ന് നെയ്മര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിഎസ്ജി മുന്നോട്ട് വച്ച തുക നല്‍കാതെ നെയ്മറെ വിട്ടുതരില്ലെന്ന് ക്ലബ്ബ് അറിയിച്ചു. ബാഴ്‌സയ്ക്ക് നെയ്മറെ വാങ്ങാനുള്ള സാമ്പത്തിക ഭദ്രതയില്ലെന്നാണ് റിപ്പോര്‍ട്ട്. പണസമാഹരണത്തിനായി മുന്‍നിര താരങ്ങളായ കുട്ടീഞ്ഞോ ഡെംബലേ എന്നിവരെ ട്രാന്‍സ്ഫര്‍ ചെയ്യാനും ക്ലബ്ബ് ഒരുങ്ങിയിട്ടുണ്ട്. നേരത്തെ ആന്റോണിയ ഗ്രീസ്‌മെന്‍, ഫ്രെങ്കി ഡിയോങ് എന്നിവരെ ബാഴ്‌സ റെക്കോഡ് തുകയ്ക്ക് വാങ്ങിയിരുന്നു. നിലവില്‍ ക്ലബ്ബ് അധികൃതര്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ നിശ്ചയിച്ച തുക ആര് തന്നാലും നെയ്മറെ കൈമാറുമെന്ന് പിഎസ്ജി അറിയിച്ചിട്ടുണ്ട്.
2017ലാണ് നെയ്മറെ പിഎസ്ജി ബാഴ്‌സയില്‍ നിന്നും റെക്കോഡ് തുകയ്ക്ക് വാങ്ങിയത്. ബലാല്‍സംഗ ആരോപണം നിലനില്‍ക്കെയാണ് താരം പിഎസ്ജിയില്‍ നിന്ന് വിട്ടുപോവാന്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷം പിഎസ്ജിക്കൊപ്പം നിലനിന്നിരുന്നെങ്കിലും പരിക്കും റഫറിമാരെ വിമര്‍ശിച്ച ആരോപണത്തെ തുടര്‍ന്ന് ടീമിനുവേണ്ടി നെയ്മറിന് അധികം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിഎസ്ജിയിലെ സഹതാരങ്ങളോടുള്ള നെയ്മറുടെ മോശം പെരുമാറ്റവും വിവാദമായിരുന്നു. കൂടാതെ സഹതാരം കിലിയന്‍ എംബാപ്പെയ്ക്ക് ക്ലബ്ബില്‍ ലഭിക്കുന്ന അമിത മുന്‍ഗണനയും നെയ്മറെ അസ്വസ്ഥനാക്കിയിരുന്നു. വിവാദങ്ങള്‍ തന്നെയാണ് മറ്റ് ക്ലബ്ബുകളെ നെയ്മറിനായി വലവിരിക്കാത്തതിന് പിന്നിലെ പരമമായ രഹസ്യം.