ട്രിബ്യൂട്ട് ടു ഡീഗോ: ഫുട്‌ബോള്‍ മത്സരം നാളെ
ഡിസംബര്‍ 23ന് ബുധനാഴ്ച വൈകീട്ട് നാലിന് കാരപ്പറമ്പിലെ ജിംഗ ഫുട്‌ബോള്‍ ടര്‍ഫിലാണ് മത്സരം.
കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രദര്‍ശനഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് ബുധനാഴ്ച വൈകീട്ട് നാലിന് കാരപ്പറമ്പിലെ ജിംഗ ഫുട്‌ബോള്‍ ടര്‍ഫിലാണ് മത്സരം.
കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ ടീമും ആരോഗ്യപ്രവര്‍ത്തകരുടെ ടീമും തമ്മില്‍ ഏറ്റുമുട്ടും. ബോബി ആന്റ് മറഡോണയാണ് മത്സരത്തിന്റെ പ്രായോജകര്‍. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീയും ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് കിക്ക് ഓഫ് ചെയ്തു കൊണ്ട് മത്സരം ഉദ്ഘാടനം ചെയ്യും. കോവിഡിനെതിരേ മുന്‍നിര പോരാളികളായി പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരാകട്ടെ കഴിഞ്ഞ കുറേ മാസങ്ങളായി രോഗസാധ്യത വകവെക്കാതെ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരും. രാവും പകലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ രണ്ടു വിഭാഗങ്ങള്‍ക്കും അല്പമെങ്കിലും മാനസികോല്ലാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടുകാര്‍ മറഡോണയെ ജീവന് തുല്യം സ്‌നേഹിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ദേശീയ ആരോഗ്യമിഷന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന ടീമില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും ജേഴ്‌സിയണിയും. എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് മത്സരം നടക്കുക. വാര്‍ത്താസമ്മേളനത്തില്‍പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. കെ നവീന്‍, പ്രസ് ക്ലബ് ട്രഷറര്‍ ഇ പി മുഹമ്മദ്, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ശ്രീമനോജ് പങ്കെടുത്തു.