തുക പ്രശ്നമല്ല സിറ്റിയിലേക്ക് വരാന്‍ തയ്യാര്‍: മെസ്സി

Update: 2020-08-28 07:07 GMT

ക്യാംപ് നൗ: ലോക റെക്കോഡ് തുക വിലയുള്ള ഫുട്ബോള്‍ താരം മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അടുക്കുന്നു. താരത്തിന്റെ പിതാവ് ഇംഗ്ലണ്ടിലെത്തി ചര്‍ച്ച തുടരുകയാണ്. തന്റെ റിലീസ് ക്ലോസ്സായ 700 മില്ല്യണ്‍ വേണ്ടെന്നും സിറ്റിയുടെ കഴിവിനനുസരിച്ചുള്ള തുകയ്ക്ക് വരാന്‍ തയ്യാറാണെന്നും മെസ്സി പറഞ്ഞതായി റിപോര്‍ട്ട്. എക്സ്പ്രസ് യു കെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

സിറ്റിയുടെ മൂന്ന് താരങ്ങളെയും 200 മില്ല്യണും തരാന്‍ സിറ്റി ഒരുക്കമാണെന്ന് അറിയിച്ചിരുന്നു. സിറ്റിയുടെ കരാര്‍ മെസ്സി അംഗീകരിച്ചെന്നാണ് റിപോര്‍ട്ട്. മുന്‍ ബാഴ്സാ കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റിയിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെന്ന് മെസ്സി നേരത്തെയും അറിയിച്ചിരുന്നു. എന്നാല്‍ ബാഴ്സലോണയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണ്. മെസ്സിയെ ബാഴ്സ വിടാന്‍ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് വീണ്ടും അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് ബാര്‍ത്തോമയുമായി മെസ്സി ഉടക്കില്‍ തന്നെയാണ്. ബാര്‍ത്തോമ ക്ലബ്ബില്‍ നിന്ന് രാജിവയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. മെസ്സി തുടരാന്‍ വേണ്ടിയാണ് ബാര്‍ത്തോമയുടെ രാജി. എന്നാല്‍ നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മെസ്സി ബാര്‍ത്തോമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിട്ടില്ല.

ബാഴ്സലോണ മാനേജ്മെന്റ് മെസ്സിയെ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. മെസ്സി ക്ലബ്ബ് വിടുന്ന പക്ഷം താരത്തിനെതിരേ നിയമനടപടി സ്വീകരിക്കാനും ക്ലബ്ബ് ഒരുങ്ങിയേക്കും. കരാര്‍ അവസാനിക്കുന്നതിന് മുമ്പ് ക്ലബ്ബ് വിടുന്നപക്ഷമായിരിക്കും ക്ലബ്ബ് മെസ്സിക്കെതിരേ ഇറങ്ങുക. കേസ് തുടര്‍ന്നാല്‍ വിധി മെസ്സിക്കെതിരേയായിരിക്കും. തുടര്‍ന്ന് താരത്തിന് ഫിഫയുടെ വിലക്കും ലഭിക്കും. തുടര്‍ ് ദിവസങ്ങളില്‍ ബാഴ്സാ മാനേജ്മെന്റും മെസ്സിയും തമ്മിലുള്ള പടലപിണക്കം രൂക്ഷമാവുമെന്നാണ് ഫുട്ബോള്‍ ലോകത്തെ റിപ്പോര്‍ട്ട്. സുവാരസിനെ ടീമില്‍ നിന്ന് പുറത്താക്കിയതും നെയ്മറെ ടീമിലേക്ക് എടുക്കാത്തതും സാവിയെ പുതിയ കോച്ചായി കൊണ്ടുവരാത്തതുമടക്കം നിരവധി കാര്യങ്ങളിലാണ് മെസ്സിയും ക്ലബ്ബും ഉടക്കി നില്‍ക്കുന്നത്.




Tags:    

Similar News