കൊച്ചി: സീസണില്‍ മോശം ഫോം തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ജനുവരി ഒന്നിന് ആരംഭിക്കുന്ന ട്രാന്‍സ്ഫര്‍ ജാലകം ഏറെ നിര്‍ണായകമാവും. നിലവില്‍ ടീമിലെ പ്രധാന താരങ്ങളായ ഒന്നിലധികം പേര്‍ അടുത്ത മാസത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം വിട്ടേക്കും. സീസണിലെ നിരാശാജനകമായ പ്രകടനമാണ് താരങ്ങളുമായുള്ള കരാര്‍ പിന്മാറ്റത്തിന് ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്. താരങ്ങളും ക്ലബ്ബും തമ്മിലുള്ള പരസ്പരധാരണയോടെയാണ് ഈ നീക്കമെന്നാണ് സൂചന.
എന്നാല്‍ ടീം വിടാനൊരുങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതു ടീമിലെ താരങ്ങളില്‍ ചിലരെ ചൊടിപ്പിച്ചതായും സൂചനകളുണ്ട്.
വിദേശ താരങ്ങളില്‍ ചിലരും ടീം വിട്ടേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം ഡേവിഡ് ജെയിംസിന് പകരക്കാരനായി പുതിയ പരിശീലകനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ജെയിംസ് ടീം വിട്ടതിന് പിന്നാലെ ടീമിന്റെ സഹ പരിശീലകനായിരുന്ന താംഗ്‌ബോയ് സിംഗ്‌ദോയെ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം പുതിയ താരങ്ങളെ ടീമിലെത്തിക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ ഒരാളായ നൊങ്ഡംബ നയോറം ടീമുമായി കരാറിലെത്തിയിട്ടുണ്ട്. ഇക്കാര്യം കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 18കാരനായ നയോറം രണ്ടര വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ അണ്ടര്‍ 17 യുവനിരയില്‍ ഉണ്ടായിരുന്ന ജീക്‌സണ്‍ സിങ്, ധീരജ് സിംഗ്, ഋഷി ദത്ത് എന്നീ താരങ്ങളെ കേരള ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ ടീമില്‍ എത്തിച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ അണ്ടര്‍ 17 താരമാണ് നയോറം. ഇപ്പോള്‍ ഐലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിന്റെ ഭാഗമാണ് താരം. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ താരത്തെ വിടാന്‍ മിനേര്‍വ സമ്മതിക്കുകയായിരുന്നു. ജനുവരി ആദ്യവാരം താരം കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ എത്തും. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ആരോസിനായി ഈ യുവതാരം ഐ ലീഗില്‍ കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ ദേശീയ ലീഗ് കണ്ട മികച്ച ഗോളിന്റെ ഉടമയായ നയോറം മികച്ച പന്തടക്കമുള്ള താരമാണ്.
അതിനിടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നായകനായിരുന്ന നൈജീരിയന്‍ മധ്യനിര താരം പെന്‍ ഒര്‍ജിയെ ഗോവന്‍ ക്ലബ്ബ് വാസ്‌കോ എസ്‌സി സ്വന്തമാക്കി. ഗോവ പ്രഫഷനല്‍ ലീഗില്‍ തങ്ങളുടെ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ വേണ്ടിയാണ് 27കാരനായ ഒറിജിയെ വാസ്‌കോ ടീമിലെത്തിച്ചത്. മുമ്പ് കൊല്‍ക്കത്തന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചിട്ടുള്ള ഒറിജി, ഈ വര്‍ഷം കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗില്‍ റെയിന്‍ബോ എസിക്ക് വേണ്ടിയും ബൂട്ട് കെട്ടിയിരുന്നു.
ഐലീഗിലും ഐഎസ്എല്ലിലും കളിച്ച് പരിചയമുള്ള ഒറിജിയുടെ വരവ് സീസണില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് വാസ്‌കോ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ പ്രതീക്ഷ.
2009ല്‍ ജെ.സി.ടിയില്‍ കളിച്ച് ഇന്ത്യന്‍ ഫുട്‌ബോളിലെത്തിയ ഒറിജി പിന്നീട് ഈസ്റ്റ് ബംഗാളിനും മൊഹമ്മദന്‍സിനും വേണ്ടി കളിച്ചശേഷമാണ് 2014 ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. മധ്യനിരയില്‍ തകര്‍പ്പന്‍ സ്‌കില്ലുകള്‍ കാണിക്കാന്‍ കഴിവുള്ള ഒറിജി, ഈസ്റ്റ് ബംഗാളില്‍ ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു. ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ച ഒറിജി ടീമിനെ ഫൈനലിലെത്തിച്ചിരുന്നു.കേരള ബ്ലാസ്‌റ്റേഴ്‌സിനായി 13 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ് 2 ഗോളുകളും നേടിയിട്ടുണ്ട്.