ടൈസണ്‍ വീണ്ടും ഇടിക്കൂട്ടില്‍; സപ്തംബറില്‍ ജോണ്‍സുമായി ഏറ്റുമുട്ടും
സപ്തംബര്‍ 12ന് നടക്കുന്ന പ്രദര്‍ശനമല്‍സരത്തിലാണ് 54 കാരനായ ടൈസണ്‍ വീണ്ടും റിങ്ങിലേക്ക് എത്തുന്നത്. 51 കാരനായ റോയ് ജോണ്‍സാണ് ടൈസണ്‍ന്റെ എതിരാളി.
ന്യൂയോര്‍ക്ക്: ബോക്സിങ് ഇതിഹാസം അമേരിക്കയുടെ മൈക്ക് ടൈസണ്‍ വീണ്ടും ഇടിക്കൂട്ടിലെത്തുന്നു. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടൈസണ്‍ന്റെ തിരിച്ചുവരവ്. സപ്തംബര്‍ 12ന് നടക്കുന്ന പ്രദര്‍ശനമല്‍സരത്തിലാണ് 54 കാരനായ ടൈസണ്‍ വീണ്ടും റിങ്ങിലേക്ക് എത്തുന്നത്. 51 കാരനായ റോയ് ജോണ്‍സാണ് ടൈസണ്‍ന്റെ എതിരാളി. ഈ മല്‍സരത്തോടെ ഇടിക്കൂട്ടില്‍ സജീവമാവാനാണ് ടൈസണ്‍ന്റെ തീരുമാനം. 2005ലാണ് ടൈസണ്‍ വിരമിച്ചത്. കെവിന്‍ മാക്ബ്രൈഡിനോട് തോറ്റതിനെ തുടര്‍ന്നാണ് താരം വിരമിച്ചത്. ടൈസണ്‍ന്റെ തിരിച്ചുവരവിന് സോഷ്യല്‍ മീഡിയയില്‍ വന്‍പിന്തുണയാണ് ലഭിക്കുന്നത്.
കാലിഫോര്‍ണിയയിലാണ് മല്‍സരം. പഴയ ടൈസണായി മല്‍സരിക്കാനാണ് ആഗ്രഹമെന്നും ഇതിനോടകം പരിശീലനം തുടങ്ങികഴിഞ്ഞെന്നും ടൈസണ്‍ അറിയിച്ചു. മല്‍സരം പഴയതാരങ്ങള്‍ക്ക് റിങ്ങിലേക്ക് വരാന്‍ പ്രചോദനമാവുമെന്നും ടൈസണ്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഹെവിവെയ്റ്റ് ചാംപ്യനെന്ന റെക്കോഡ് ടൈസണ്‍ന്റെ പേരിലാണ്. 20ാം വയസ്സിലാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. 1986ലായിരുന്നു ഈ നേട്ടം. ബോക്സിങ്ങിലെ എല്ലാവരുടെയും പേടിസ്വപ്നമായിരുന്നു ടൈസണ്‍. അയേണ്‍ മൈക്ക് എന്നും ബാഡസ്റ്റ് മാന്‍ എന്നുമാണ് ടൈസണ്‍ അറിയപ്പെട്ടത്.