ഷൂട്ടിംഗില്‍ അര്‍ജുന്‍ ബബുതയ്ക്ക് മെഡലില്ല; അമ്പെയ്ത്തില്‍ പുരുഷ ടീം പുറത്ത്; ബാഡ്മിന്റണില്‍ ക്വാര്‍ട്ടറില്‍

Update: 2024-07-29 15:44 GMT

പാരിസ്: പാരിസ് ഒളിംപിക്സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ തലനാരിഴയ്ക്ക് ഇന്ത്യക്ക് രണ്ടാം മെഡല്‍ നഷ്ടം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത ഐതിഹാസിക പോരാട്ടം കാഴ്ചവെച്ച് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ്, സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളോട് വാശിയേറിയ പോരാട്ടം കാഴ്ചവെച്ചാണ് ബബുത കീഴടങ്ങിയത്. മികച്ച തുടക്കവുമായി അര്‍ജുന്‍ ബബുത ഒരുവേള രണ്ടാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ 13-ാം ഷോട്ടിലെ നേരിയ പാളിച്ച ബബുതയ്ക്ക് തിരിച്ചടിയായി.

നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഷൂട്ടറാണ് അര്‍ജുന്‍ ബബുത. ഈയിനത്തില്‍ 252.2 പോയിന്റുമായി ഒളിംപിക്‌സ് റെക്കോര്‍ഡോടെ ചൈനീസ് താരം ഷെങ് ലിയോഹോയ്ക്കാണ് സ്വര്‍ണം. സ്വീഡന്റെ വിക്ടര്‍ ലിന്‍ഡ്ഗ്രെന്‍ 251.4 പോയിന്റുമായി വെള്ളിയും ക്രൊയേഷ്യയുടെ മിരാന്‍ മരിസിച് 230 പോയിന്റുമായി വെങ്കലവും നേടി.

ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് ചിരാഗ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇവരുടെ ഇന്നത്തെ മത്സരം റദ്ദാക്കിയിരുന്നെങ്കിലും, മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് താരങ്ങളായ ലൂക്കാസ് കോര്‍വീറോനന്‍ ലാബര്‍ സഖ്യം ഇന്തൊനീഷ്യയുടെ മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ ഫജാര്‍ അല്‍ഫിയാന്‍ സഖ്യത്തോടു തോറ്റതോടെയാണ് ഇന്ത്യന്‍ സഖ്യം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. ഇതോടെ, ചൊവ്വാഴ്ച നടക്കുന്ന ഇന്തൊനേഷ്യന്‍ ജോടിക്കെതിരായ മത്സരം, ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതായി. ഇതോടെ, ബാഡ്മിന്റനില്‍ ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജോടികളായി ഇവര്‍ മാറി.

ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന മൂന്നാമത്തെ ഇനത്തിലും നിരാശ. പുരുഷ വിഭാഗം അമ്പെയ്ത്തിന്റെ ടീമിനത്തില്‍ തുര്‍ക്കിയോടു തോറ്റ് ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്തായി. 6-2 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ തോല്‍വി. പുരുഷ വിഭാഗം ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചു കയറി. ബെല്‍ജിയം താരം ജൂലിയന്‍ കരാഗിയെ വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്‌കോര്‍: 21-19, 21-14.



10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യന്‍ വനിതാ താരം റമിതാ ജിന്‍ഡാലിനു മെഡല്‍ നേടാനാകാതെ പോയത് നിരാശയായി. ഫൈനലില്‍ ഏഴാമതായാണ് റമിത ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ താരം പിന്നോട്ടുപോകുകയായിരുന്നു. 2022 ലെ ഏഷ്യന്‍ ഗെയിംസില്‍ റമിത ടീം ഇനത്തില്‍ സ്വര്‍ണവും വ്യക്തിഗത ഇനത്തില്‍ വെങ്കലവും നേടിയിട്ടുണ്ട്. വനിതാ ഡബിള്‍സ് ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരങ്ങളായ അശ്വിനി പൊന്നപ്പയും ടാനിഷ ക്രാസ്റ്റോയും തോറ്റു. ജാപ്പനീസ് താരങ്ങളായ മത്‌സ്യൂമ, ഷിദ എന്നിവര്‍ 11-21, 12-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സഖ്യമാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍.



ഇന്ന് മൂന്ന് ഇനങ്ങളില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മൂന്നിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ഫൈനലില്‍ ഇന്ത്യന്‍ താരം അര്‍ജുന് ബബുത നാലാം സ്ഥാനത്തായി. പുരുഷ വിഭാഗം അമ്പെയ്ത്ത് ടീമിനത്തില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ ക്വാര്‍ട്ടറില്‍ 6-2ന് തുര്‍ക്കിയോട് തോറ്റ് പുറത്തായി.പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മൂന്നിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി.




Tags:    

Similar News