ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. പുരുഷന്‍മാരുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തില്‍ 5-0 ന് അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെ തോല്‍പ്പിച്ചു. വനിതാ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡ് റെസ്റ്റനെ 5-0നാണ് നിതു പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഗുസ്തിയില്‍ ഇന്ത്യ മൂന്നുസ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതോടെ ഗുസ്തിയില്‍നിന്ന് ഏഴെണ്ണമടക്കം ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 16 ആയി. നീതുവിന് സീനിയര്‍ വിഭാഗത്തില്‍ ഇത് ആദ്യത്തെ പ്രധാന മെഡല്‍നേട്ടമാണ്. ഇതിന് മുമ്പ് രണ്ടുതവണ യൂത്ത് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു നീതു. അമിത് പങ്കല്‍ ഇതിന് മുമ്പ് ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്.
വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. അതേസമയം, ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ സിംഗപ്പൂരിന്റെ ജിയ മിന്നിനെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (21-19, 21-17) സിന്ധുവിന്റെ വിജയം.