മെഴ്‌സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത് സെറിന്‍
കഴിഞ്ഞ വര്‍ഷവും നിഖാത്ത് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.
മുംബൈ: ലോക ബോക്‌സിങ് ചാംപ്യന്‍ ഇന്ത്യയുടെ നിഖാത്ത് സെറിന്‍ സമ്മാനത്തുക മാതാപിതാക്കളെ ഉംറ നിര്‍വഹിക്കാന്‍ വിനിയോഗിക്കും. മുംബൈയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയതിന് ശേഷമാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. 82,33,530 രൂപയാണ് താരത്തിന്റെ സമ്മാനത്തുക. നേരത്തെ മെഴിസഡസ് ബെന്‍സ് വാങ്ങാനായിരുന്നു ആഗ്രഹം. എന്നാല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ഗ്രൂപ്പ് ഥാര്‍ എസ് യു വി താരത്തിന് പാരിതോഷികമായി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് നിഖാത്ത് ബെന്‍സ് കാര്‍ എന്ന മോഹം ഉപേക്ഷിച്ചത്. മാതാപിതാക്കളെ ഉംറ നിര്‍വഹിക്കാന്‍ പറഞ്ഞയക്കുക എന്നത് ഏറെ നാളത്തെ ആഗ്രഹമാണ്. സമ്മാനത്തുക ലഭിച്ചപ്പോള്‍ തന്റെ ആഗ്രഹം വീട്ടുകാരോട് സംസാരിക്കുകയായിരുന്നു. പരിശുദ്ധ റമദാന്‍ മാസത്തില്‍ മാതാപിതാക്കളെ ഉംറയ്ക്ക് അയക്കുന്നതിലുള്ള സന്തോഷത്തിലാണ് താനെന്നും നിഖാത്ത് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും നിഖാത്ത് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.