ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു: പിതാവ്
മുംബൈ: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ ഷൂട്ടിങ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്ന് താരത്തിന്റെ പിതാവ് രാം കിഷന്‍. ഖേല്‍ രത്‌ന പുരസ്‌കാരത്തിന് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് പിതാവിന്റെ പ്രതികരണം. കഴിഞ്ഞ നാലുവര്‍ഷമായി അവള്‍ പദ്മശ്രീയടക്കമുള്ള വിവിധ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നുണ്ട്. എങ്ങനെയാണ് ഈ വര്‍ഷം അപേക്ഷിക്കാതിരിക്കുന്നത്?. കഴിഞ്ഞ വര്‍ഷങ്ങളിലായി 49 കാഷ് അവാര്‍ഡുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാം തള്ളുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ഷൂട്ടിങ് രംഗത്തേക്ക് മനു ഭാക്കറിനെ കൊണ്ടുവന്നതില്‍ ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിക്കുകയാണ്. പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു. അങ്ങനെയെങ്കില്‍ എല്ലാ പുരസ്‌കാരങ്ങളും അവളുടെ വഴിയേ വന്നേനെ. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ ആരും നേടിയിട്ടില്ല. ഇതില്‍ കൂടുതല്‍ എന്താണ് എന്റെ മകള്‍ രാജ്യത്തിനായി ചെയ്യേണ്ടത്. സംഭവത്തില്‍ മനു നിരാശയിലാണ്. ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മനുവിനെ ഖേല്‍ രത്‌നക്ക് പരിഗണിക്കുന്നില്ലെങ്കില്‍ പുരസ്‌കാര കമ്മിറ്റിയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. അല്ലെങ്കില്‍ ചിലരുടെ ഉത്തരവ് പിന്തുടരുകയാണ് രാം കിഷന്‍ കൂട്ടിച്ചേര്‍ത്തു.