ഒളിംപിക്‌സിന് ഇന്ന് പാരിസില്‍ തുടക്കം: ഇന്ത്യന്‍ പതാകയേന്തുക ശരത് കമലും പി വി സിന്ധുവും
പാരിസ്: ഭൂഗോളത്തിലെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്‌സിന് ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയില്‍ ഇന്നു രാത്രി ദീപം തെളിയുകയാണ്. 33ാം ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30ന് (ഇന്ത്യന്‍ സമയം രാത്രി 11ന്) ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്‌സ്. ഉദ്ഘാടനദിനമായ ഇന്നു മത്സരങ്ങളില്ല.
ഒരു നൂറ്റാണ്ടിനു ശേഷം ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണു പാരിസ് നഗരം. മുന്‍പ് 1900ലും 1924ലും പാരിസ് നഗരം ഒളിംപിക്‌സിനു വേദിയൊരുക്കി. സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങള്‍ നഗരവാസികളെ ബുദ്ധിമുട്ടുക്കുന്നുണ്ടെങ്കിലും ഒളിംപിക്‌സ് എന്ന വികാരത്തെ ആവേശത്തോടെ വരവേല്‍ക്കാനുറച്ചു തന്നെയാണ് ഒരുക്കം.
ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ്. സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റ്. ഐഫല്‍ ടവറിനു മുന്നില്‍, സെന്‍ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാര്‍ഡനില്‍ മാര്‍ച്ച് പാസ്റ്റ് അവസാനിക്കും. ഒളിംപിക് ദീപം തെളിയുന്നത് അവിടെയാണ്. ഒളിംപിക്‌സിനു തുടക്കം കുറിച്ചു ദീപം തെളിക്കുന്നത് ആരാണെന്ന് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഉദ്ഘാടനച്ചടങ്ങിലെ കലാപരിപാടികളും സംഘാടകര്‍ 'സസ്‌പെന്‍സ്' ആക്കി നിര്‍ത്തിയിരിക്കുകയാണ്.
70 പുരുഷ അത്ലീറ്റുകളും 47 വനിതകളും ഉള്‍പ്പെടുന്ന 117 അംഗ സംഘമാണു പാരിസില്‍ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അത്ലറ്റിക്‌സിലാണ് ഏറ്റവും വലിയ സംഘം: 29 പേര്‍. ഷൂട്ടിങ്ങും (21) ഹോക്കിയും (19) തൊട്ടുപിന്നിലുണ്ട്. ഇന്ത്യന്‍ സംഘത്തിലാകെ 7 മലയാളികളുണ്ട്. അത്ലറ്റിക്‌സില്‍ അഞ്ചുപേര്‍: വൈ.മുഹമ്മദ് അനസ്, വി.മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യന്‍, അബ്ദുല്ല അബൂബക്കര്‍. ഹോക്കിയില്‍ പി.ആര്‍.ശ്രീജേഷും ബാഡ്മിന്റനില്‍ എച്ച്.എസ്.പ്രണോയിയും ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങും.
ഒളിംപിക്‌സില്‍ ആദ്യമായി ഒരു മലയാളി മത്സരിച്ചതിന്റെ 100ാം വാര്‍ഷികമാണിത്. 1924ല്‍ കണ്ണൂരുകാരന്‍ സി.കെ.ലക്ഷ്മണന്‍ ഇന്ത്യയ്ക്കായി മത്സരിച്ചിരുന്നു. 206 രാജ്യങ്ങളില്‍നിന്നായി 10,714 അത്ലീറ്റുകള്‍ പാരിസില്‍ മെഡല്‍ തേടിയിറങ്ങും. 32 ഇനങ്ങളിലാണു മത്സരങ്ങള്‍.ഓരോന്നിലും ഒട്ടേറെ വിഭാഗങ്ങളിലായി മെഡല്‍ പോരാട്ടം നടക്കും. കഴിഞ്ഞ തവണ ടോക്കിയോയില്‍ 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും നേടി ഒന്നാമതെത്തിയ യുഎസ് ഇത്തവണയും മെഡല്‍ പട്ടികയില്‍ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്. നീരജ് ചോപ്രയുടെ സ്വര്‍ണം സഹിതം ഇന്ത്യ നേടിയത് 7 മെഡലുകളാണ്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിക്കുക ടേബിള്‍ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവുമാണ്. ഇരുവരും മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തും. 2016ലും 2020ലും മെഡല്‍ നേടിയ സിന്ധു തുടരെ 3ാം മെഡല്‍ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ 5ാം ഒളിംപിക്‌സാണു പാരിസിലേത്.