പാരിസ് ഒളിംപിക്‌സ്; ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനവുമായി മനു ഭാകര്‍ ഫൈനലില്‍
പാരീസ്: പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ ശനിയാഴ്ച ഇന്ത്യയുടെ നിരാശയകറ്റി മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ മനു ഭാകര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെ താരം ഫൈനലിന് യോഗ്യത നേടി. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരിക്കുകയാണ് മനു ഭാകര്‍. ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ച പാരീസില്‍ അവസാനിപ്പിക്കാമെന്ന് ഇന്ത്യ സ്വപ്നം കാണുന്നു.
ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം റിഥം സാങ്വാന് ഫൈനലിന് യോഗ്യത നേടാനായില്ല. 573 പോയന്റുമായി 15-ാം സ്ഥാനത്താണ് റിഥത്തിന് ഫിനിഷ് ചെയ്യാനായത്. നിലവില്‍ ലോക മൂന്നാംനമ്പറായ റിഥം സാങ്വാന്‍ 2022 ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ്.
ഷൂട്ടിങ്ങില്‍ ശനിയാഴ്ച ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സരബ്ജോത് സിങ്ങിന് ഫൈനലിലെത്താനായില്ല. ഒമ്പതാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്. ഈ ഇനത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരം അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനലിന് യോഗ്യത നേടാനായില്ല. ആറ് സീരീസുകള്‍ക്കൊടുവില്‍ 574 പോയന്റോടെ അര്‍ജുന്‍ 18-ാം സ്ഥാനത്തായി.