ഒളിംപിക്‌സ് ഹോക്കി; ബ്രിട്ടീഷ് കോട്ടയും തകര്‍ത്ത് ഇന്ത്യ സെമിയില്‍; ഷൂട്ടൗട്ടില്‍ താരമായി ശ്രീജേഷ്
പാരീസ്: ഒളിംപിക് ഹോക്കിയില്‍ ബ്രിട്ടനെതിരേ രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ 10 പേരായി ചുരുങ്ങിയിട്ടും അപാരവീര്യത്തോടെ പൊരുതിയ ഇന്ത്യ സെമിയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനമാണ് നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും ഇന്ത്യയ്ക്ക് തുണയായത്. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ ശ്രീജേഷ്, ഷൂട്ടൗട്ടില്‍ ബ്രിട്ടീഷ് താരം ഫിലിപ്പ് റോപ്പറിന്റെ ഷോട്ട് രക്ഷപ്പെടുത്തുകയും ചെയ്തു.
17-ാം മിനിറ്റില്‍ പ്രതിരോധ താരം അമിത് രോഹിദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മൂന്ന് ക്വാര്‍ട്ടറുകളും 10 പേരുമായി കളിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. അമിത്തിന്റെ ഹോക്കി സ്റ്റിക്ക് ബ്രിട്ടീഷ് താരത്തിന്റെ മുഖത്ത് തട്ടിയതിനായിരുന്നു ചുവപ്പുകാര്‍ഡ്.
22-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഗോളിലാണ് ഇന്ത്യ ലീഡെടുത്തത്. എന്നാല്‍ അഞ്ചു മിനിറ്റിനകം ലീ മോര്‍ട്ടനിലൂടെ ബ്രിട്ടന്‍ ഗോള്‍ മടക്കി. അവസാന മിനിറ്റുകളില്‍ ബ്രിട്ടന്‍ ഇന്ത്യന്‍ ഗോള്‍മുഖം നിരന്തരമായി വിറപ്പിച്ചെങ്കിലും ശ്രീജേഷിന്റെ മികവാര്‍ന്ന നീക്കങ്ങളും കിടിലന്‍ സേവുകളും ഇന്ത്യക്ക് രക്ഷയായി.