ബാക്കു: ചെസ് ലോകകപ്പിന്റെ കലാശപ്പോരില്‍ പൊരുതിവീണ് ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ ആര്‍ പ്രജ്ഞാനന്ദ . മൂന്നാം ദിവസത്തിലേക്കു നീണ്ട് ത്രസിപ്പിക്കുന്ന കലാശപ്പോരില്‍ നോര്‍വെയുടെ ഇതിഹാസ താരവും ലോക ഒന്നാം നമ്പറുമായ മാഗ്നസ് കാള്‍സനോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. ആദ്യത്തെ രണ്ടു ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ കലാശിച്ചതോടെ നടന്ന രണ്ടു സെറ്റുകളുടെ ടൈബ്രൈക്കറില്‍ കാള്‍സന്‍ 1.5-0.5നു ജയിച്ചുകയറുകയായിരുന്നു.
ആദ്യ ടൈബ്രേക്കറില്‍ കാള്‍സന്‍ ജയിച്ചപ്പോള്‍ രണ്ടാമത്തെ ടൈ ബ്രൈക്കര്‍ സമനിലയില്‍ പിരിയുകയും ചെയ്തു. ഇതോടെയാണ് കരിയറിലാദ്യമായി ഫിഡെയുടെ ചെസ് ലോകകപ്പില്‍ കാള്‍സന്‍ ജേതാവായത്. കന്നി ലോകകപ്പില്‍ തന്നെ ഫൈനല്‍ വരെയെത്തുകയും കാള്‍സനെ വിറപ്പിക്കുകയും ചെയ്തതില്‍ പ്രജ്ഞാനന്ദയ്ക്കു അഭിമാനിക്കാം.നേരത്തേ ഫൈനലിലെ രണ്ടു ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ കലാശിച്ചതോടെയാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നത്. ചൊവ്വാഴ്ച നടന്ന ഫൈനലിലെ ആദ്യത്തെ ക്ലാസിക്കല്‍ ഗെയിമില്‍ വെള്ള കരുക്കളുമായിട്ടാണ് പ്രജ്ഞാനന്ദ ഇറങ്ങിയത്. 35 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സനെ അദ്ദേഹം സമനിലയില്‍ കുരുക്കുകയായിരുന്നു.
രണ്ടാമത്തെ ഗെയിമില്‍ കറുത്ത കരുക്കളുമായാണ് പ്രഗ്നാനന്ദ മല്‍സരിച്ചത്. തീപാറിയ ഈ പോരാട്ടത്തിലും 18 കാരന്‍ വിട്ടുകൊടുത്തില്ല. 30 നീക്കങ്ങള്‍ക്കൊടുവില്‍ ആര്‍ക്കും ജയം പിടിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെ ഇരുവരും വീണ്ടും സമനില സമ്മതിച്ചു. തുടര്‍ന്നാണ് മല്‍സരം ടൈബ്രേക്കറിലെത്തിയത്. ഈ ഫൈനലിനു മുമ്പ് നേരത്തേ 13 തവണയാണ് കാള്‍സനും പ്രജ്ഞാനന്ദയും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ എട്ടെണ്ണത്തില്‍ നോര്‍വെയുടെ ഇതിഹാസ താരം ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പ്രഗ്നാനന്ദയും ജയം കൊയ്യുകയായിരുന്നു.