ഒളിംപിക്‌സ്; സാത്വിക്-ചിരാഗ് സഖ്യത്തിന് തോല്‍വി

Update: 2024-08-01 15:22 GMT

പാരീസ്: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായ്രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്‍വി. ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളായ മലേഷ്യയുടെ ആരണ്‍ ചിയ-സൊ വൂയ് യിക് സഖ്യത്തിനോടാണ് തകര്‍ന്നത്. ആദ്യ ഗെയിം നേടിയ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നഷ്ടപ്പെടുത്തി (1-2).

കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് സാത്വിക്-ചിരാഗ് സഖ്യം അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം 21-13ന് ഇന്ത്യ കാര്യമായ വെല്ലുവിളികളില്ലാതെ നേടിയിരുന്നു. പക്ഷേ, രണ്ട്, മൂന്ന് ഗെയിമുകളില്‍ കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ മലേഷ്യന്‍ താരങ്ങള്‍ തിരിച്ചുവരവ് നടത്തി. ഇതോടെ 14-21, 16-21 എന്ന സ്‌കോറിന് തകര്‍ന്ന് അവസാന നാലില്‍ ഇടംപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. ഗെയിമുകളില്‍ ഇരു ടീമുകളും മാറിമാറി മുന്നേറ്റങ്ങള്‍ നടത്തിയിരുന്നെങ്കിലും അവസാനം വിജയം മലേഷ്യക്കൊപ്പം നിന്നു.

എങ്കിലും ഒളിമ്പിക്സ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ പരുപ്പള്ളി കശ്യപ് ക്വാര്‍ട്ടറിലെത്തിയിരുന്നു. അതേസമയം, ആരോണ്‍ ചിയ-സൊ വൂയ് സഖ്യത്തിന് ഇനി സെമി ഫൈനലില്‍ നേരിടേണ്ടത് ലോക ഒന്നാം നമ്പര്‍ ജോഡികളായ ചൈനയുടെ ലിയാങ് വെ-വാങ് ചാങ് സഖ്യവുമായാണ്.




Tags:    

Similar News