ഫലസ്തീന് പിന്തുണ; ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയ ഫതഹി നൗറിന് 10 വര്‍ഷം വിലക്ക്

ഇതിനെ തുടര്‍ന്ന് കോച്ചിനും താരത്തിനും ജൂഡോ ഫെഡറേഷന്‍ താല്‍ക്കാലിക വിലക്ക് നല്‍കിയിരുന്നു

Update: 2021-09-14 12:49 GMT


ടോക്കിയോ: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒളിംപിക്‌സില്‍ ഇസ്രായേലുമായുള്ള പോരാട്ടത്തില്‍ നിന്ന് പിന്‍മാറിയ അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിന് 10 വര്‍ഷത്തെ വിലക്ക്. അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനാണ് ഫതഹി നൗറിന്‍, കോച്ച് അമര്‍ ബെനിഖല്‍ഫ് എന്നിവരെ 10 വര്‍ഷത്തേക്ക് വിലക്കിയത്. 30കാരനായ ഫതഹി നൗറിന്‍ തന്റെ രാഷ്ട്രീയവും മതപരവുമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഒളിംപിക്‌സിനെ വേദിയായി തിരഞ്ഞെടുത്തതാണ് താരത്തിനെതിരായ കുറ്റം.


ഫലസ്തീന്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച താന്‍ ഇസ്രായേല്‍ താരവുമായി ഏറ്റുമുട്ടില്ലെന്ന് വ്യക്തമാക്കിയാണ് ജൂഡോ മല്‍സരത്തിലെ രണ്ടാം റൗണ്ടില്‍ നിന്ന് ഫതഹി പിന്‍മാറിയത്. ഇസ്രായേലിന്റെ തോഹര്‍ ബുത്ബുളുമായാണ് ഫതഹി ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍ ഒന്നാം റൗണ്ട് പോരാട്ടത്തിന് ശേഷം ഫത്ഹി തന്റെ പിന്‍വാങ്ങല്‍ പ്രഖ്യാപിക്കുകയായിരുന്നു.


ഇതിനെ തുടര്‍ന്ന് കോച്ചിനും താരത്തിനും ജൂഡോ ഫെഡറേഷന്‍ താല്‍ക്കാലിക വിലക്ക് നല്‍കിയിരുന്നു. ഈ വിലക്കാണ് 10 വര്‍ഷത്തേക്ക് നീട്ടിയത്. 2019ല്‍ ലോക ജൂഡോ ചാംപ്യന്‍ഷിപ്പിലും ഫതഹി സമാനമായ പിന്‍മാറ്റം നടത്തിയിരുന്നു.




Tags:    

Similar News