ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

Update: 2024-09-26 05:51 GMT

ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. ഉത്തേജക പരിശോധന നടത്താനായി എത്തിയപ്പോള്‍ സ്ഥലത്ത് വിനേഷ് ഫൊഗട്ട് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്റ്റംബര്‍ ഒന്‍പതാം തിയ്യതിയാണ് വിനേഷിന്റെ ഹരിയാനയിലെ ഖാര്‍ഖോഡയിലെ വീട്ടില്‍ നാഡയുടെ സംഘം എത്തിയത്. എന്നാല്‍, വിനേഷ് സ്ഥലത്തുണ്ടായിരുന്നില്ല. വിനേഷ് സ്ഥലത്ത് ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നാഡ അധികൃതര്‍ വീട്ടിലെത്തിയത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

നാഡയുടെ രജിസ്റ്റേഡ് ടെസ്റ്റിങ് പൂളില്‍(ആര്‍ടിപി) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാകുന്ന സമയവും സ്ഥലവും അറിയിക്കേണ്ടതുണ്ട്. എന്നാല്‍ വിവരം നല്‍കിയതു പ്രകാരം പറഞ്ഞ സമയത്ത് താന്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് വിനേഷ് തെളിയിക്കണം. അല്ലാത്തപക്ഷം വേര്‍എബൗട്ട് ഫെയിലിയറായി ഇത് കണക്കാക്കും

അതേസമയം, വിനേഷ് ഫോഗട്ടിനെതിരെ നിലവില്‍ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക പരിശോധനക്ക് സാമ്പിളുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ മാത്രമാണ് നാഡ നടപടിയെടുക്കുക.വിനേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്. പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലിലെത്തിയ ശേഷം 100 ഗ്രാം ഭാരം കൂടിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട താരം പിന്നാലെ ഗുസ്തി ഉപേക്ഷിച്ചിരുന്നു.


Tags:    

Similar News