അവള്‍ വിജയിച്ചത് എന്റെ പേരിന്റെ കരുത്തില്‍; വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ബ്രിജ് ഭൂഷണ്‍
'വിനേഷ് ഏതു സ്ഥലത്തു പോയാലും അവിടം നശിച്ചുപോകും' ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറഞ്ഞു
ലഖ്‌നോ: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയം തന്റെ പേരിന്റെ ശക്തിയുടെ ഫലമാണെന്ന പരിഹാസവുമായി മുന്‍ ബിജെപി എംപിയും മുന്‍ ഡബ്ല്യുഎഫ്‌ഐ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. വിനേഷ് ഫോഗട്ട് എവിടെപ്പോയാലും അവിടം നശിക്കുമെന്നായിരുന്നു ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചത്.
''എന്റെ പേര് ഉപയോഗിച്ച് അവള്‍ വിജയിച്ചാല്‍, അതിനര്‍ത്ഥം ഞാന്‍ ഒരു വലിയ മനുഷ്യനാണെന്നാണ്. അവളെ കടത്തിവിടാന്‍ എന്റെ പേരിന് മതിയായ ശക്തിയുണ്ട്, ഈ ഗുസ്തി താരങ്ങള്‍ ഹരിയാനയുടെ ഹീറോ അല്ല. വില്ലന്‍മാരാണ്. ജൂനിയര്‍ താരങ്ങളുടെ കരിയറിലെ വില്ലന്‍മാരാണ് അവര്‍. അവള്‍ സ്വയം തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കാം, പക്ഷേ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നശിച്ചു.വിനേഷ് ഏതു സ്ഥലത്തു പോയാലും അവിടം നശിച്ചുപോകും'' ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ തുടര്‍ച്ചയായി മോശമായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണെന്നും ബ്രിജ് ഭൂഷണ്‍ കൂട്ടിചേര്‍ത്തു.
അതേസമയം ജുലാന നിയമസഭാ സീറ്റില്‍ നിന്നുള്ള തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തെ 'സമരത്തിന്റെ വിജയം' എന്നും 'സത്യത്തിന്റെ വിജയം' എന്നുമാണ് വിനേഷ് ഫോഗട്ട് വിശേഷിപ്പിച്ചത്. ഹരിയാന തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍നിന്നാണ് വിനേഷ് ഫോഗട്ട് ജയിച്ചുകയറിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനു 10% വോട്ടുപോലും കിട്ടാതിരുന്ന മണ്ഡലമായിരുന്നു ജുലാന. ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാടിയ വിനേഷ് 6015 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. വിനേഷിന് 65,080 വോട്ടുകളാണ് ലഭിച്ചത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഫോഗട്ടും ഗുസ്തി താരം ബജ്റംഗ് പുനിയയും ഉണ്ടായിരുന്നു.