ഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
വെറും 10 ദിവസത്തെ പരിശീലനം നടത്തിയാണ് താരം ഡല്‍ഹിയിലെത്തിയത്.
കഴിഞ്ഞ മാസമുണ്ടായ നടുക്കുന്ന ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല. ഉറ്റവരെയും ഉടയവരുടെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ട ലക്ഷങ്ങളാണ് പലയിടങ്ങളിലായ ടെന്റുകളിലും മറ്റും ജീവിക്കുന്നത്. എന്നാല്‍, ഭൂകമ്പത്തെ അതിജയിച്ച റാബിയ ടോപുസ് ഡല്‍ഹിയിലെ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന്റെ ആഹ്ലാദത്തിലാണ്. ലോകത്തെ ആകെ നടുക്കിയ ഭൂകമ്പത്തില്‍ റാബിയക്കും നഷ്ടമായി അവരുടെ വീടും കാറുമെല്ലാം. ഫെബ്രുവരിയില്‍ ഭൂകമ്പത്തില്‍പ്പെട്ട് ടെന്റുകളില്‍ കഴിയുമ്പോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചാംപ്യന്‍ഷിപ്പിനായി നേരത്തെ യോഗ്യത ലഭിച്ചിരുന്നു. ഇതിനായി പരിശീലനവും നടത്തിയിരുന്നു. എന്നാല്‍ സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ തന്റെ സ്വപ്നം താല്‍ക്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഭൂകമ്പ ബാധിതരെ സഹായിക്കാനെത്തുന്ന നിരവധി പേരില്‍ ഒരാള്‍ തന്നെ സ്പോണ്‍സര്‍ ചെയ്യാമെന്നേറ്റു. പരിശീലനം തുടരാനും പറഞ്ഞു. ഇതോടെയാണ് തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചതെന്ന് റാബിയ പറയുന്നു. വെറും 10 ദിവസത്തെ പരിശീലനം നടത്തിയാണ് താരം ഡല്‍ഹിയിലെത്തിയത്.
ഭൂകമ്പത്തെ തുടര്‍ന്ന് 10 ദിവസം തന്റെ അഞ്ചംഗ കുടുംബം ഒരു കാറിലാണ് താമസിച്ചത്. അന്നത്തെ ജീവിതം ഓര്‍ക്കാന്‍ പോലും പറ്റാത്തതാണ്. തുടര്‍ന്ന് ടെന്റിലേക്ക് താമസം മാറി. ഇപ്പോഴും ഞങ്ങള്‍ ടെന്റിലാണ് താമസം. ഉടന്‍ തന്നെ താല്‍ക്കാലികമായ ഒരു വീട് ലഭിച്ചേക്കുമെന്ന് റാബിയ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിലെ ആദ്യ റൗണ്ട് മല്‍സരത്തില്‍ താരം പരാജയപ്പെട്ടിരുന്നു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പറ്റിയത് തന്നെ തന്റെ ഏറ്റവും വലിയ വിജയമാണെന്ന് റാബിയ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നിഖാത്ത് സെറീനെ പരാജയപ്പെടുത്തണമെന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. നിഖാത്തിനെതിരായ മല്‍സരത്തില്‍ താരം പരാജയപ്പെട്ടിരുന്നു. പാരിസ് ഒളിംപിക്സില്‍ പങ്കെടുത്ത് രാജ്യത്തിനായി ഒരു മെഡല്‍ നേടണം-അതാണ് റാബിയയുടെ സ്വപ്നം. 11 അംഗ ടീമിനെയാണ് തുര്‍ക്കി ചാംപ്യന്‍ഷിപ്പിനായി അയച്ചത്. ഇതില്‍ നാല് പേര്‍ മെഡല്‍ നേടിയിട്ടുണ്ട്.