സാക്ഷി മാലിക്കിന് പിന്തുണയുമായി വിജേന്ദര്‍ സിങ്

Update: 2023-12-22 15:07 GMT

ഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക്കിനു പിന്തുണയുമായി ബോക്‌സിങ് താരം വിജേന്ദര്‍ സിങ്. ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് കുമാര്‍ സിങ് വിജയിച്ചതോടെ ഗുസ്തി ഉപേക്ഷിക്കുകയാണെന്നു സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ 47 ല്‍ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിലാണ്.

'' ഒരു കായിക താരമെന്ന നിലയില്‍ എനിക്ക് അവരുടെ വേദന മനസ്സിലാക്കാന്‍ സാധിക്കും. ഗുസ്തിയില്‍ വനിതാ വിഭാഗത്തിലെ ഏക മെഡല്‍ ജേതാവ് നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുകയാണ്. എന്നാല്‍ അവര്‍ക്ക് അതു ലഭിക്കുന്നില്ല. വേദനയോടെ അവര്‍ കരിയര്‍ അവസാനിപ്പിച്ചു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിഛായ ഉയരുമോ താഴുമോ?'' വിജേന്ദര്‍ സിങ് ചോദിച്ചു. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് വിജേന്ദര്‍ സിങ്.

''കായികലോകമാകെ നിരാശയിലാണ്. ഹരിയാനയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വലിയ വിവേചനമുണ്ടെന്നു കുറ്റപ്പെടുത്തുന്നു. ഇതിനു ശേഷം രക്ഷിതാക്കള്‍ അവരുടെ പെണ്‍മക്കളെ സ്റ്റേഡിയങ്ങളിലേക്കു വിടുമോ? ഒരു ഒളിംപിക്‌സ് മെഡല്‍ ജേതാവിനു നീതി ലഭിച്ചില്ലെങ്കില്‍, ഞങ്ങള്‍ക്ക് എവിടെനിന്നു കിട്ടുമെന്ന് അവര്‍ ചിന്തിക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരൊക്കെ വിശദീകരിക്കണം.'' വിജേന്ദര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ മത്സരിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകള്‍ മാത്രമാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഫലത്തില്‍ നിരാശയുണ്ടെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും പ്രതികരിച്ചിരുന്നു.




Tags:    

Similar News