ബേ ഓവലില്‍ ചരിത്ര നേട്ടവുമായി ബംഗ്ലാ കടുവകള്‍; ന്യൂസിലന്റിനെതിരേ ആദ്യ ടെസ്റ്റ് ജയം

എബാദത് ഹുസൈന്റെ മാസ്മരിക ബൗളിങാണ് ബംഗ്ലാദേശിന്റെ ചരിത്ര നേട്ടത്തിന് പിന്നില്‍.

Update: 2022-01-05 05:06 GMT


ബേ ഓവല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ബംഗ്ലാദേശ്. ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ ജയവുമായാണ് ബംഗ്ലാദേശ് ചരിത്ര നേട്ടം കരസ്ഥമാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ന്യൂസിലന്റിനെ പരായപ്പെടുത്തുന്നത്. ടെസ്റ്റിന്റെ ആദ്യദിനം മുതലെ ബംഗ്ലാദേശിനായിരുന്നു മേല്‍ക്കോയ്മ.


ന്യുസിലന്റിന്റെ ആദ്യ ഇന്നിങ്‌സ് 328 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങില്‍ ബംഗ്ലാദേശ് 458 റണ്‍സ് നേടി. ന്യൂസിലന്റിനെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 169 റണ്‍സിന് പുറത്താക്കുകയായിരുന്നു. എബാദത് ഹുസൈന്റെ മാസ്മരിക ബൗളിങാണ് ബംഗ്ലാദേശിന്റെ ചരിത്ര നേട്ടത്തിന് പിന്നില്‍. 21 ഓവര്‍ ബൗള്‍ ചെയ്ത താരം 46 റണ്‍സ് വിട്ട്‌കൊടുത്താണ് ആറ് വിക്കറ്റ് നേടിയത്.


രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകരുടെ ലക്ഷ്യം 40 റണ്‍സായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം പിന്‍തുടരുകയായിരുന്നു. ന്യൂസിലന്റ് മണ്ണില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ ബാറ്റ് ചെയ്ത സന്ദര്‍ശക ടീമെന്ന നേട്ടവും ബംഗ്ലാദേശ് കഴിഞ്ഞ ദിവസം കരസ്ഥമാക്കിയിരുന്നു.



 


ന്യൂസിലന്റിനെതിരേ ഇതുവരെ കളിച്ച 15 ടെസ്റ്റില്‍ 12ലും ബംഗ്ലാദേശ് തോറ്റിരുന്നു. മൂന്നെണ്ണം സമനിലയിലാണ് അവസാനിച്ചത്. വിദേശത്ത് നടന്ന ടെസ്റ്റുകളില്‍ ബംഗ്ലാദേശിന്റെ ആറാം ജയമാണിത്. നേരത്ത് വെസ്റ്റ്ഇന്‍ഡീസിനെതിരേ രണ്ടും ശ്രീലങ്ക, സിംബാബ്‌വെ എന്നിവര്‍ക്കെതിരേ രണ്ട് വീതം ജയങ്ങളും ബംഗ്ലാദേശ് നേടിയിരുന്നു. 2017ന് ശേഷം ആദ്യമായാണ് ന്യൂസിലന്റ് ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്. 2011ന് ശേഷം ആദ്യമായാണ് കിവികള്‍ ഹോം ഗ്രൗണ്ടില്‍ ഒരു ഏഷ്യന്‍ ടീമിനോട് തോല്‍ക്കുന്നതും. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ശനിയാഴ്ച ക്രിസ്റ്റ്ചര്‍ച്ചില്‍ നടക്കും.




Tags:    

Similar News