ബെന്‍സിമ; നിര്‍ഭാഗ്യവും വിവാദവും വേട്ടയാടിയ മിന്നും താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിലെത്തിയ അതേ സീസണിലായിരുന്നു ബെന്‍സിമയും മാഡ്രിഡിലെത്തുന്നത്.
ലോകഫുട്ബോളിലെ നമ്പര്‍ വണ്‍ സ്‌ട്രൈക്കര്‍, പ്രായത്തെ വെല്ലുന്ന പോരാട്ടം, ക്ലബ്ബ് ഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജാവ്, നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവ്...ഈ പദവികള്‍ക്കെല്ലാം അര്‍ഹനായ ഫ്രഞ്ച് താരമാണ് കരീം ബെന്‍സിമ. പക്ഷേ, ദേശീയ ടീമിനൊപ്പം തിളങ്ങാന്‍ കരിയറില്‍ ഭാഗ്യമുണ്ടായില്ല. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് തോറ്റതിനു പിന്നാലെ ബെന്‍സിമ ദേശീയടീമില്‍ നിന്ന് വിരമിച്ചിരിക്കുന്നു. ഇത്രയേറെ സമ്പന്നമായ താരമായിട്ടും സ്വന്തം രാജ്യത്തിന്റെ ജഴ്സിയില്‍ തിളങ്ങിയില്ലെന്ന മനോവേദനയോടെയാവും ബെന്‍സിമ ബുട്ടഴിച്ചത്.
ഏതൊരു ഫുട്ബോള്‍ താരത്തിന്റെയും ഏറ്റവും വലിയ ആഗ്രഹം ലോകകപ്പില്‍ കളിക്കുകയും രാജ്യത്തിനായി കിരീടം നേടുകയുമാണ്. ദേശീയ ടീമിന്റെ നേട്ടങ്ങളില്‍ പങ്കാളിയാവുമ്പോഴാണ് ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുക. എന്നാല്‍ ബെന്‍സിമ എന്ന 35കാരന്‍ ചരിത്രത്തില്‍ ഇടം നേടുക റയലിന്റെ അതികായകന്‍മാരിലാവും. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബെന്‍സിമ ഒരുകണക്കിനു പറഞ്ഞാല്‍ നിര്‍ഭാഗ്യവാനായ താരമാണ്. ബെന്‍സിമയുടെ നിര്‍ഭാഗ്യം അതിന്റെ അന്തിമഘട്ടത്തിലാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ലോകകപ്പ് സ്‌ക്വാഡില്‍ നിന്നുള്ള പുറത്താവലാണ്.
ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ 35കാരന് തിരിച്ചടിയായത് പരിക്കായിരുന്നു. ഖത്തറിലെത്തിയ ശേഷം നടന്ന പരിശീലന സെഷനിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കപ്പ് നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിന് അത് വന്‍ തിരിച്ചടിയുമായി. ഇതോടെ ബെന്‍സിമ സ്‌ക്വാഡില്‍ നിന്ന് പുറത്തായി. പിന്നീട് ടീമിനായി തിളങ്ങിയത് കിലിയന്‍ എംബാപ്പെയെന്ന സൂപ്പര്‍ താരവും ഒലിവര്‍ ജിറൗഡും. ഫൈനലില്‍ താരം കളിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, താല്‍പ്പര്യമില്ല എന്ന ഒറ്റവരി മറുപടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ബെന്‍സിമ നല്‍കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നെ ബെന്‍സിമയോട് കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടും ബെന്‍സിമ അത് നിരാകരിച്ചെന്നാണ് റിപോര്‍ട്ട്. ദേശീയ ടീമിന്റെ കോച്ച് ദിദിയര്‍ ദേഷാംസുമായുള്ള പടലപ്പിണക്കങ്ങളാണെന്ന് ഇതിനു പിന്നിലെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.
2012 മുതല്‍ ഫ്രാന്‍സ് ടീമിനെ പരിശീലിപ്പിക്കുന്ന ദേഷാംസും ബെന്‍സിമയും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. പരിക്ക് മാറിയ ബെന്‍സിമയക്ക് ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ദേഷാംസിന്റെ കടുംപിടിത്തമാണ് താരത്തെ ഫൈനലില്‍ നിന്ന് പുറത്താക്കിയതുമെന്നും റിപോര്‍ട്ടുണ്ട്. ഫ്രാന്‍സിന്റെ തോല്‍വിക്ക് തൊട്ടുപിന്നാലെ ആയിരുന്നു ബെന്‍സിമയുടെ വിരമിക്കലും. ബെന്‍സിമയെന്ന സ്ട്രൈക്കറുടെ അഭാവം ടീമിനെ കാര്യമായി ബാധിച്ചതും ഫൈനലില്‍ ആയിരുന്നു. ബെന്‍സിമയ്ക്ക് പകരം ടീമിലിടം നേടിയ ഒലിവര്‍ ജിറൗഡിന് ഫൈനല്‍ ദിവസം തിളങ്ങാനുമായിരുന്നില്ല. ബെന്‍സിമ എന്ന താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഫൈനലിന്റെ ഫലം തന്നെ മാറിമറിഞ്ഞേനെ.
വിവാദങ്ങളും നിലപാടുകളുമാണ് ബെന്‍സിമയുടെ ഫ്രഞ്ച് ടീമിലെ കരിയറിന് മങ്ങലേല്‍പ്പിച്ചത്. ഫ്രാന്‍സിലെ ലിയോണിലാണ് ജനനം. മാതാവും പിതാവും അള്‍ജീരിയന്‍ വംശജരായിരുന്നു. 2007ലാണ് താരം ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയത്. 2004 മുതല്‍ ഫ്രാന്‍സിന്റെ അണ്ടര്‍ 17, 18, 19, 21 ടീമുകളിലെ സൂപ്പര്‍ താരമായിരുന്നു. ക്ലബ്ബ് കരിയറിന് തുടക്കം ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ ലിയോണിന്റെ ബി ടീമിലായിരുന്നു. തുടര്‍ന്ന് 2004 മുതല്‍ 2009 വരെ ലിയോണിന്റെ സീനിയര്‍ ടീമില്‍ കളിച്ചു. 112 മല്‍സരങ്ങളില്‍ 43 ഗോളുകളാണ് താരം നേടിയത്. തുടര്‍ന്ന് 2009ലാണ് റയലിലേക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിലെത്തിയ അതേ സീസണിലായിരുന്നു ബെന്‍സിമയും മാഡ്രിഡിലെത്തുന്നത്. രണ്ട് പേരും സ്ട്രൈക്കര്‍മാര്‍. എന്നാല്‍ തിളങ്ങിയത് റൊണാള്‍ഡോ.
റൊണാള്‍ഡോയെന്ന അതിവേഗക്കാരന് പിന്നില്‍ നില്‍ക്കാനേ അന്ന് ബെന്‍സിമയ്ക്ക് കഴിഞ്ഞുള്ളൂ. റൊണാള്‍ഡോ കുന്നോളം റെക്കോഡുകള്‍ വാരിക്കൂട്ടുന്ന കാലം. ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍ക്ക് വഴിയൊരുക്കലായിരുന്നു ബെന്‍സിമയുടെ ജോലി. ലോക ഫുട്ബോളില്‍ റൊണാള്‍ഡോ നേടിയ ഗോളുകളില്‍ ഏറെ പങ്കും ബെന്‍സിമയുടെ അസിസ്റ്റില്‍ നിന്ന് വന്നവയാണ്. ദേശീയ ടീമിനൊപ്പം മോശമല്ലാത്ത ഫോമില്‍ താരം തിളങ്ങാന്‍ തുടങ്ങിയത് 2014 ലോകകപ്പിലായിരുന്നു. ഈ എഡിഷനില്‍ ഫ്രാന്‍സിന്റെ ടോപ് സ്‌കോററായിരുന്നു ബെന്‍സിമ. ക്വാര്‍ട്ടറില്‍ ടീം പുറത്തായിരുന്നു.
2015ലാണ് വിവാദ സെക്സ് ടേപ്പ് കേസ് അരങ്ങേറുന്നത്. ഫ്രഞ്ച് ഫുട്ബോള്‍ താരം മാത്യു വെല്‍ബുനയ്ക്കെതിരേ ഒരു സെക്സ് ടേപ്പ് ഇറങ്ങി. ഇത് താരത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ബെന്‍സിമ കെട്ടിച്ചമച്ചതെന്നാണ് വിവാദത്തിലാക്കിയത്. ഇതോടെ ബെന്‍സിമയുടെ ദേശീയ കരിയറിന് താല്‍ക്കാലിക വിരാമമായി. കോച്ച് ദേഷാംസ് താരത്തെ ടീമില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കി. തുടര്‍ന്ന് 2018 ലോകകപ്പിലും താരത്തിന് കളിക്കാനായില്ല. 2021ലാണ് പിന്നീട് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്. യുവേഫാ നേഷന്‍സ് ലീഗിലൂടെ ആയിരുന്നു മടക്കം. കിരീടം നേടിയ ഫ്രഞ്ച് ടീമിനായി താരം ഫൈനലില്‍ സ്‌കോറും ചെയ്തു. പിന്നീട് ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളും ടീമിനായി ബൂട്ടണിഞ്ഞു.
ക്ലബ്ബ് തലത്തില്‍ താരത്തിന്റെ തലവരമാറുന്നത് 2018ലാണ്.സ്പെയിനിലെ വിവാദ കേസുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു. റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുന്നു. അവിടെയാണ് ബെന്‍സിമ വീണ്ടും റയലിനായി അവതരിച്ചത്. തുടര്‍ന്ന് അങ്ങോട്ട് ബെന്‍സിമയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. റയലിന്റെ ഒന്നാം നമ്പര്‍ സ്ട്രൈക്കര്‍ പദവി ബെന്‍സിമയ്ക്ക് സ്വന്തം. തുടര്‍ന്നുള്ള റയലിന്റെ എല്ലാം വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ബെന്‍സിമയായിരുന്നു. ബെന്‍സിമ-വിനീഷ്യസ് ജൂനിയര്‍ കൂട്ടുകെട്ടാണ് ഇപ്പോള്‍ റയലിന്റെ കരുത്ത്. ഇഞ്ച്വറി ടൈം വരെ കരുതിയിരിക്കേണ്ട പോരാളിയാണ് ബെന്‍സിമ. അവസാന വിസില്‍ വരെ ഗോളടിക്കാന്‍ കരുത്തുള്ള കാലുകള്‍ക്ക് ഉടമ. 2019ല്‍ ലോക സ്ട്രൈക്കര്‍മാരില്‍ 93ാം സ്ഥാനത്തുണ്ടായിരുന്ന ബെന്‍സിമ ഇന്ന് ഒന്നാം നമ്പര്‍ സ്‌ട്രൈക്കര്‍ എന്ന പേര് സമ്പാദിച്ചു.
റൊണാള്‍ഡോ ക്ലബ്ബിലുള്ളപ്പോള്‍ അഞ്ചില്‍ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ ബെന്‍സിമയ്ക്കായിരുന്നില്ല. എന്നാല്‍ റോണോയുടെ അഭാവത്തില്‍ താരം എല്ലാ സീസണിലും 20ലേറെ ഗോളുകളാണ് സ്‌കോര്‍ ചെയ്യാറ്. നിലവില്‍ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരില്‍ ബെന്‍സിമ മൂന്നാം സ്ഥാനത്താണ്(216). റൗള്‍ (228), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (311) എന്നിവരാണ് ബെന്‍സിമയ്ക്ക് മുന്നിലുള്ളത്.
എങ്ങനെ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ട്രൈക്കര്‍ ആരെന്ന ചോദ്യത്തിന് ബെന്‍സിമയ്ക്ക് പറയാനുള്ളത് ഇതാണ്. സീസണില്‍ 50ഉം 60 ഉം ഗോളുകള്‍ നേടുന്ന ഒരു താരത്തിനൊപ്പം വര്‍ഷങ്ങള്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങളും അതുപോലെ ഉയരുമെന്നാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തന്നെ മികച്ച സ്ട്രൈക്കര്‍ ആക്കിയത്. തന്റെ കരിയറിലെ നേട്ടങ്ങള്‍ക്ക് എന്നും ഉറ്റസുഹൃത്തിനോട് നന്ദി ഉണ്ടായിരിക്കുമെന്നും ബെന്‍സിമ പറയുന്നു. വര്‍ഷങ്ങളായി മെസ്സിയും റൊണാള്‍ഡോയും കുത്തകയാക്കി വച്ച ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ സ്വന്തമാക്കിയാണ് ബെന്‍സിമ തന്നിലെ താരത്തെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
അള്‍ജീരിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച താരത്തിന് അള്‍ജീരിയന്‍ ടീമിനായി കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് താരം ഫ്രാന്‍സില്‍ നിന്ന് കടുത്ത അവഗണന നേരിട്ടിരുന്നു. ആരാധകര്‍ ബെന്‍സിമയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തിനായി 97 മല്‍സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് ബെന്‍സിമ നേടിയത്. കരിയറില്‍ 432 ഗോളുകള്‍. കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗിലെയും സ്പാനിഷ് ലീഗിലെയും ടോപ് സ്‌കോറര്‍ പട്ടവും സ്വന്തമാക്കി. ഇക്കുറിയും താരം അതിനുള്ള പോരാട്ടത്തിലാണ്. ക്ലബ്ബ് തലത്തില്‍ റെക്കോഡുകളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ദേശീയ ടീമിനൊപ്പം തിളങ്ങാന്‍ കഴിഞ്ഞില്ലെന്ന വേദനയുമായാണ് കേരളക്കരയുടെ ഇക്ക എന്ന ബെന്‍സിമ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് പടിയിറങ്ങുന്നത്