വംശീയാധിക്ഷേപത്തിനെതിരായ ഡോക്യുമെന്ററിയില്‍ ബലോറ്റെലി
ബലോറ്റെലിയെ കൂടാതെ സാമുവല്‍ എറ്റൂ, പാട്രിക് വിയേര എന്നിവരും ഈ ഫ്രഞ്ച് ഡോക്യൂമെന്ററിയില്‍ പങ്കെടുക്കുന്നുണ്ട്.
റോം: വംശീയതക്കെതിരായ ഡോക്യുമെന്ററിയില്‍ ഇറ്റാലിയന്‍ സൂപ്പര്‍താരം മരിയോ ബലോറ്റെലി. വര്‍ണവിവേചനം ഏറെ അനുഭവിച്ചിട്ടുള്ള താരം ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബലോറ്റെലിയെ കൂടാതെ സാമുവല്‍ എറ്റൂ, പാട്രിക് വിയേര എന്നിവരും ഈ ഫ്രഞ്ച് ഡോക്യൂമെന്ററിയില്‍ പങ്കെടുക്കുന്നുണ്ട്. കാനല്‍ പ്ലസ് നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ പേര് 'അയാം നോട്ട് എ മങ്കി' എന്നാണ്.
ഇറ്റലിയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും ആഫ്രിക്കന്‍ വംശജരായ താരങ്ങളെ കുരങ്ങന്മാരെന്ന് എതിര്‍ ടീമിന്റെ ആരാധകര്‍ അധിക്ഷേപിക്കാറുണ്ട്. യുവേഫ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും ഇന്നും വര്‍ണവിവേചനം ഫുട്ബാളില്‍ യാഥാര്‍ഥ്യമായി തുടരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി പുറത്തുവരുന്നത്.
വംശീയവാദികളെക്കാള്‍ ബുദ്ധിയുള്ളവരാണ് കുരങ്ങുകളെന്ന് ബലോറ്റെലി ഇതില്‍ പറയുന്നുണ്ട്. ജനുവരി ആറിനാണ് ഡോക്യുമെന്ററി റിലീസിങ്. ഇറ്റാലിയന്‍ ക്ലബ്ബായ റോമയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ ഒലിവര്‍ ഡകോര്‍ട്ടും മാര്‍ക് സൗവറല്‍ എന്നയാളും ചേര്‍ന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.