വേദഗ്രന്ഥങ്ങളെ ഉദ്ധരിച്ചു വിധി പറയുന്ന കോടതികള്‍ ആശങ്ക സൃഷ്ടിക്കുന്നു: എം കെ ഫൈസി
-ശഹീദ് ഷാന്‍ ഡോക്യൂമെന്ററി പ്രകാശനം ചെയ്തു
ആലുവ: രാജ്യത്തിന്റെ മഹത്തായ ഭരണഘടനയ്ക്കു പകരും വേദഗ്രന്ഥങ്ങളെ ഉദ്ധരിച്ചു വിധി പറയുന്നതിലേക്ക് കോടതികള്‍ എത്തിയിരിക്കുന്നു എന്നത് ആശങ്കാജനകമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. മീഡിയാ വണ്‍ ചാനല്‍ സംപ്രേഷണ വിലക്ക് ശരിവെച്ച് നടത്തിയ വിധി ഇതിന് ഉദാഹരണമാണെന്നും ഹിജാബ് വിഷയത്തിലും കര്‍ണാടക കോടതിയില്‍ നിന്ന് ഇത്തരത്തില്‍ വിധി വന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ഡോക്യുമെന്ററി പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വംശീയ ഉന്മൂലനത്തിന് നേതൃത്വം നല്‍കിയവരാണ് രാജ്യം ഭരിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയത് ഏതെങ്കിലും ജനോപകാരപ്രദമായ ഭരണനേട്ടത്തിന്റെ പേരിലല്ല. മറിച്ച് ഗുജറാത്തിലെ ആയിരക്കണക്കിന് നിപരാധികളെ വംശഹത്യ ചെയ്തതിലൂടെ ഹീറോ പരിവേഷം നേടിയാണ്. ഒരു വിഭാഗം ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുമ്പോള്‍ മറുവശത്ത് സ്ത്രീകളുടെ വേഷത്തെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിഷേധിക്കപ്പെടുമ്പോള്‍ വരും നാളുകളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു ഇടങ്ങളിലും ഇതേ ചോദ്യം ഉയര്‍ന്നുവരാനിടയുണ്ട്. ഇപ്പോഴും കോടതികള്‍ ഇതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വംശീയത തലയ്ക്കുപിടിച്ച ഏതെങ്കിലും വര്‍ഗീയ വാദികള്‍ ഒരു വിഷയം ഉന്നയിക്കുമ്പോള്‍ ഭരണഘടനാനുസൃതമായ മതനിരപേക്ഷത ഉയര്‍ത്തിക്കാട്ടി ഒറ്റയടിക്ക് തള്ളിക്കളയേണ്ടതിനു പകരം അനാവശ്യ ചോദ്യങ്ങളുന്നയിച്ച് മൗലീകാവകാശം പോലും നിഷേധിക്കുന്ന തരത്തിലുള്ള കോടതി ഇടപെടല്‍ ഏറെ അപകടകരമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന മഹിതമായ ആശയത്തെ തകര്‍ത്തെറിഞ്ഞ് ഏകശിലാ സമ്പ്രദായം നടപ്പാക്കി രാജ്യത്തെയും സംസ്‌കാരത്തെയും വിശ്വാസത്തെയും നശിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുന്നു. അപകടകരമായ ഈ സാമൂഹിക പശ്ചാത്തലത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും വരും തലമുറകള്‍ക്കും ശഹീദ് ഷാന്‍ മികച്ച പാഠമായിരിക്കുമെന്നും എം കെ ഫൈസി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം എസ് പി അമീര്‍ അലി, ടി പി മുഹമ്മദ് സംസാരിച്ചു. ദേശീയ സമിതിയംഗം പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, വി എം ഫൈസല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ് സംബന്ധിച്ചു.