ഐപിഎല്‍; നിലവിലെ പോയിന്റ് നില; നേട്ടം കൊയ്തവര്‍
ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സുമാണ് എട്ട് റൗണ്ട് മല്‍സരം പൂര്‍ത്തിയാക്കിയത്.
ഡല്‍ഹി: കൊവിഡ് വ്യാപനം ഐപിഎല്‍ താരങ്ങളിലേക്കും പടര്‍ന്നതോടെ ഐപിഎല്ലിന്റെ ഈ സീസണിന് ബിസിസിഐ ഇന്ന് താല്‍ക്കാലിക വിരാമമിട്ടിരുന്നു. ടൂര്‍ണ്ണമെന്റിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ 2021ല്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു. 29 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടീമുകളുടെ പോയിന്റ് നില നോക്കാം. ഏഴ് റൗണ്ട് മല്‍സരങ്ങളാണ് ആറ് ടീമുകള്‍ പൂര്‍ത്തിയാക്കിയത്.ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സുമാണ് എട്ട് റൗണ്ട് മല്‍സരം പൂര്‍ത്തിയാക്കിയത്.
പോയിന്റ് നിലയില്‍ ഒന്നാമത് നില്‍ക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. ആറ് ജയവും രണ്ട് തോല്‍വിയുമാണ് ഡല്‍ഹിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് അഞ്ച് ജയമാണുള്ളത്. നേരത്തെ തലപ്പത്തുണ്ടായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ച് ജയവുമായി മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് നാല് ജയവുമായി നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. മികച്ച തിരിച്ചുവരവ് നടത്തിയ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് ജയത്തോടെ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ എട്ട് മല്‍സരങ്ങള്‍ കളിച്ച പഞ്ചാബ് കിങ്‌സിന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ട് ജയം മാത്രമുള്ള കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്താണ്. ഒരു ജയം മാത്രമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്താണ് സീസണിന് താല്‍ക്കാലിക വിരാമമിട്ടത്.
ഓറഞ്ച് ക്യാപ്പ്: സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനാണ് ഓറഞ്ച് ക്യാപ്പ് നല്‍കുക. മല്‍സരം പുരോഗമിക്കുന്നതിനനുസരിച്ച് ഇതിന്റെ ഉടമകള്‍ മാറിമറയും. കൂടുതല്‍ റണ്‍സ് നേടുന്ന താരം ഓറഞ്ച് ക്യാപ്പണിഞ്ഞ് ഫീല്‍ഡ് ചെയ്യും. നിലവില്‍ ഡല്‍ഹിയുടെ ശിഖര്‍ ധവാനാണ് ഓറഞ്ച് ക്യാപ്പിനായി മുന്നിലുള്ളത്. എട്ട് ഇന്നിങ്‌സുകളിലായി 380 റണ്‍സാണ് താരം നേടിയത്. രണ്ടാം സ്ഥാനത്ത് 331 റണ്‍സുമായി പഞ്ചാബിന്റെ ലോകേഷ് രാഹുലുണ്ട്. 320 റണ്‍സുമായി ചെന്നൈയുടെ ഫഫ് ഡു പ്ലിസ്സിസ് മൂന്നാം സ്ഥാനത്തുണ്ട്.
പര്‍പ്പിള്‍ ക്യാപ്പ്: ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം. 17 വിക്കറ്റുമായി ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലാണ് മുന്നിലുള്ളത്. 14 വിക്കറ്റുമായി ഡല്‍ഹിയുടെ ആവേശ് ഖാന്‍ രണ്ടാം സ്ഥാനത്തും ഇത്ര തന്നെ വിക്കറ്റുള്ള രാജസ്ഥാന്റെ ക്രിസ് മോറിസ് മൂന്നാം സ്ഥാനത്തുമുണ്ട്.