ഐഎസ്എല്‍; കൊവിഡ് ക്ഷീണത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി സൂപ്പര്‍ ഫോമിലുള്ള ബെംഗളൂരു

മലയാളി താരം രാഹുല്‍ കെ പി പരിക്ക് മാറി ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ടെങ്കിലും താരം ഇന്ന് കളിക്കാന്‍ സാധ്യതയില്ല.

Update: 2022-01-30 07:09 GMT


വാസ്‌കോ: നീണ്ട 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഐഎസ്എല്ലില്‍ ഇറങ്ങുന്നു. എതിരാളികള്‍ ആവട്ടെ ചിരവൈരികളും തകര്‍പ്പന്‍ ഫോമിലുമുള്ള ബെംഗളൂരു എഫ്‌സിയും. ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ നിരവധി താരങ്ങളും കോച്ചും കൊവിഡില്‍ നിന്ന് മുക്തരായി തിരിച്ചുവരന്ന ആദ്യ മല്‍സരമാണ്. കൊവിഡ് ഭേദമായെങ്കിലും താരങ്ങള്‍ എല്ലാം ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും മല്‍സരത്തിന് യാതൊരു ഒരുക്കവും നടത്തിയിട്ടില്ലെന്നും കോച്ച് ഇതിനോടകം വൃക്തമാക്കിയിരുന്നു. നിലവില്‍ കളിക്കാന്‍ താരങ്ങള്‍ ഇല്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തോല്‍വി അറിയാത്ത 10 മല്‍സരങ്ങളുമായി കുതിക്കുമ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സിനെ കൊവിഡ് പിടികൂടന്നത്. ഇത് ടീമിനെ സാരമായി ബാധിച്ചിരുന്നു. കേരളത്തിന്റെ രണ്ട് മല്‍സരങ്ങള്‍ ഇതിനോടകം മാറ്റിവച്ചിരുന്നു.


 സീസണിന്റെ തുടക്കത്തില്‍ മോശം ഫോമിലുള്ള ബെംഗളൂരു നിലവില്‍ മികച്ച ഫോമിലാണ്. ടീമിന്റെ മുന്നേറ്റ നിര ശക്തമാണ്. അവസാനം കളിച്ച ഏഴ് മല്‍സരങ്ങളില്‍ നാല് തവണയാണ് ബെംഗളൂരു മൂന്നോ അതില്‍ കൂടുതലോ തവണ ഗോള്‍ നേടിയത്.

മലയാളി താരം രാഹുല്‍ കെ പി പരിക്ക് മാറി ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ടെങ്കിലും താരം ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ടീമില്‍ ഏതൊക്കെ താരങ്ങള്‍ മാച്ച് ഫിറ്റാണെന്ന് മല്‍സരത്തിന് തൊട്ടുമുന്നെ പ്രഖ്യാപിക്കുകയുള്ളൂ.

ഐഎസ്എല്ലില്‍ ഇരുടീമും ഒമ്പത് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ച് തവണ ജയം ബെംഗളൂരുവിനൊപ്പമായിരുന്നു. രണ്ട് തവണയാണ് കേരളം ജയിച്ചത്. ഈ സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ കേരളത്തിന് പോയിന്റ് നിലയില്‍ ഒന്നാമതുള്ള ഹൈദരാബാദ് എഫ്‌സിക്കൊപ്പമെത്താം.അവസാന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ വരവ്.കൊവിഡ് തളര്‍ത്താത്ത പോരാട്ടവീര്യവുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെ മറികടക്കുമോ എന്ന് കാത്തിരുന്ന് കാണാം.




Tags:    

Similar News