ട്വന്റി-20 ലോകകപ്പ്; ഗ്രൂപ്പ് ഘട്ടത്തിന് തുടക്കം; ഒമാനും ബംഗ്ലാദേശും ഇന്നിറങ്ങും

ടൂര്‍ണ്ണമെന്റിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം 24ന് ദുബായില്‍ രാത്രി 7.30നാണ്.

Update: 2021-10-17 06:56 GMT


ദുബയ്: ഐസിസി ട്വന്റി-20 ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ദുബയിലേക്ക് മാറ്റിവയ്ക്കുയായിരുന്നു. 2016ലാണ് അവസാനമായി ട്വന്റി-20 ലോകകപ്പ് അരങ്ങേറിയത്. വെസ്റ്റ്ഇന്‍ഡീസാണ് നിലവിലെ ജേതാക്കള്‍. 2020ലെ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ലോകകപ്പ് കൊവിഡിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇന്ന് ഗ്രൂപ്പ് ഘട്ടമല്‍സരങ്ങളാണ് തുടക്കമാവുന്നത്. ഒമാനിലും യുഎഇയിലുമായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. 16 ടീമുകളാണ് മല്‍സരിക്കുന്നത്. രണ്ട് റൗണ്ടുകളിലായാണ് മല്‍സരം. ആദ്യ റൗണ്ടില്‍ എട്ട് ടീമുകള്‍ മല്‍സരിക്കുന്ന ഗ്രൂപ്പ് സ്റ്റേജാണ് നടക്കുക. എ,ബി എന്നീ രണ്ട് ഗ്രൂപ്പുകളിലായാണ് ഈ എട്ട് ടീമുകള്‍ അണിനിരക്കുന്നത്. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടിലെ സൂപ്പര്‍ 12ലേക്ക് കയറും. സൂപ്പര്‍ 12ലെ മല്‍സരങ്ങള്‍ 23ന് ആരംഭിക്കും.


ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലന്റ്, ഹോളണ്ട്, നമീബിയില്‍ എന്നിവര്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലന്റ്, പപ്പുആ ന്യൂ ഗനിയ, ഒമാന്‍ എന്നിവര്‍ അണിനിരക്കും.


ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ ഒമാന്‍ പപ്പുആ ന്യൂ ഗനിയായെ നേരിടും. മസ്‌ക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് മല്‍സരം. രാത്രി ഇതേ വേദിയില്‍ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ ബംഗ്ലാദേശ് സ്‌കോട്ട്‌ലന്റിനെ നേരിടും. രാത്രി 7.30നാണ് മല്‍സരം. നാളെ നടക്കുന്ന മല്‍സരങ്ങളില്‍ അയര്‍ലന്റ് ഹോളണ്ടിനെയും (3.30), ശ്രീലങ്ക നമീബിയയെും നേരിടും. രണ്ട് മല്‍സരങ്ങളും അബുദാബിയിലാണ് നടക്കുക. 19ന് മസ്‌ക്കറ്റില്‍ നടക്കുന്ന മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റ് പപ്പുആ നൂഗനിയായുമായി ഏറ്റുമുട്ടും. ഇതേ ദിവസം നടക്കുന്ന മല്‍സരത്തില്‍ ഒമാന്‍ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. 20ന് അബുദാബിയില്‍ നമീബിയയും ഹോളണ്ടും പോരാടും. രാത്രി നടക്കുന്ന മല്‍സരത്തില്‍ ശ്രീലങ്ക അയര്‍ലന്റിനെ നേരിടും. 21ന് മസ്‌ക്കറ്റില്‍ ബംഗ്ലാദേശ് പപ്പു ആ ന്യൂഗനിയയുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30ന് ഒമാന്‍ സ്‌കോട്ടലന്റിനോട് പോരാടും.


22ന് നടക്കുന്ന അവസാന ദിവസത്തിലെ മല്‍സരങ്ങളില്‍ നമീബിയ അയര്‍ലന്റുമായും ശ്രീലങ്ക ഹോളണ്ടുമായും ഏറ്റുമുട്ടും.


സൂപ്പര്‍ 12


സൂപ്പര്‍ 12ല്‍ രണ്ട് ഗ്രൂപ്പുകളായി 12 ടീമുകള്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ്, ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാര്‍ എന്നിവര്‍ പരസ്പരം ഏറ്റുമുട്ടും.


ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്റ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍, ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍ എന്നിവര്‍ അണിനിരക്കും.


സൂപ്പര്‍ 12ലെ മല്‍സരങ്ങള്‍ 23ന് ആരംഭിക്കും. ടൂര്‍ണ്ണമെന്റിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം 24ന് ദുബായില്‍ രാത്രി 7.30നാണ്.




Tags:    

Similar News