ട്വന്റി-20 ലോകകപ്പ്; ചാംപ്യന്‍മാരെ നിലംപരിശാക്കി ഇംഗ്ലണ്ട് തുടങ്ങി
മറുപടി ബാറ്റിങില്‍ 8.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ജയം കൈക്കലാക്കി.
ദുബയ്: ട്വന്റി-20 ലോകകപ്പിലെ നിലവിലെ ജേതാക്കളായ വെസ്റ്റ്ഇന്‍ഡീസിനെ തകര്‍ത്ത് സൂപ്പര്‍ 12ല്‍ വന്‍ ജയവുമായി ഇംഗ്ലണ്ട്.ആറ് വിക്കറ്റിന്റെ ജയമാണ് ഇംഗ്ലിഷ് പട നേടിയത്. കഴിഞ്ഞ തവണത്തെ ഫൈനലിന് മറുപടിയായി വിന്‍ഡീസിന് ഇംഗ്ലണ്ട് നല്‍കിയത് നാണക്കേടിന്റെ തോല്‍വിയും. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 14.2 ഓവറില്‍ 55 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങില്‍ 8.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ജയം കൈക്കലാക്കി.
ട്വന്റിയില്‍ വിന്‍ഡീസിനെതിരേയുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണ്. ജോസ് ബട്‌ലറും (24) ക്യാപ്റ്റന്‍ മോര്‍ഗനും (7*) പുറത്താവാതെ നിന്നു. ജേസണ്‍ റോയ്(11), ജോണി ബെയര്‍സ്‌റ്റോ (9), മോയിന്‍ അലി (3), ലിയാം ലിവിങ്‌സറ്റണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വിന്‍ഡീസിനായി പുതിയ താരം അഖീല്‍ ഹൊസെയ്ന്‍ രണ്ടും രാംപോള്‍ ഒരു വിക്കറ്റും നേടി.
ടോസ് ലഭിച്ച ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് ബൗളിങ് നിരയുടെ മാസ്മരിക പ്രകടനമാണ് വിന്‍ഡീസിനെ കുടുക്കിയത്. ആദില്‍ റാഷിദ് നാല് വിക്കറ്റാണ് ഇംഗ്ലണ്ടിനായി നേടിയത്. മോയിന്‍ അലി, മില്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
13 പന്തില്‍ 13 റണ്‍സെടുത്ത ക്രിസ് ഗെയ്ല്‍ മാത്രമാണ് കരീബിയന്‍ നിരയില്‍ രണ്ടക്കം കടന്നത്.