അയ്യര്‍ ദി ഗ്രേറ്റ്; ക്രിക്കറ്റ് ലോകം വിശേഷണങ്ങള്‍ കൊണ്ടു മൂടുന്ന വെങ്കിടി
ഇവനെ ആരും മറക്കരുത് ഇവിന്റെ പേര് വെങ്കിടേഷ് അയ്യര്‍ . രണ്ട് അര്‍ദ്ധസെഞ്ചുറിയാണ് താരം നേടിയത്.
ദുബയ്: ഐപിഎല്ലിലെ ഇത്തവണത്തെ താരമാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ വെങ്കിടേഷ് അയ്യര്‍. ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ സജീവ ചര്‍ച്ചയും ഈ മദ്ധ്യപ്രദേശുകാരനെ കുറിച്ചാണ്. കഴിഞ്ഞ ദിവസത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റെങ്കിലും കളിയിലെ താരമായത് ഈ 26കാരനാണ്. 49 പന്തിലാണ് വെങ്കിടേഷ് കഴിഞ്ഞ ദിവസം 67 റണ്‍സ് നേടിയത്. കൂടാതെ ഒരു വിക്കറ്റും. മികച്ച ഓപ്പണര്‍ എന്നും മികച്ച ഓള്‍ റൗണ്ടര്‍ എന്നും ഈ താരത്തെ വിശേഷിപ്പിക്കാം. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് താരം നേടിയത് 193 റണ്‍സാണ്. രണ്ട് അര്‍ദ്ധസെഞ്ചുറിയാണ് താരം നേടിയത്.
ഐപിഎല്ലിന്റെ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ആദ്യപാദത്തില്‍ കൊല്‍ക്കത്ത മോശം ഫോമിലും ആയിരുന്നു. അവര്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ടാം പാദത്തിലാണ് താരത്തെ പരീക്ഷിക്കാന്‍ കെകെആര്‍ തയ്യാറായത്. ഓപ്പണിങില്‍ തന്നെ താരത്തെ പരീക്ഷിച്ചു. പരീക്ഷണം വിജയം. നിലവില്‍ കൊല്‍ക്കത്ത പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. വെങ്കിടേഷിന്റെ ഇന്നിങ്‌സുകള്‍ കൊല്‍ക്കത്തയ്ക്ക് മൂന്ന് മല്‍സരങ്ങളില്‍ ലീഡ് നല്‍കിയിരുന്നു. ആര്‍സിബിക്കെതിരേ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. 41 റണ്‍സാണ് അരങ്ങേറ്റത്തില്‍ തന്നെ അടിച്ചെടുത്തത്. രണ്ടാം മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് വെങ്കിടേഷിന്റെ ആദ്യ ഐപിഎല്‍ അര്‍ദ്ധസെഞ്ചുറി. തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളില്‍ 18, 14 എന്ന നിലയിലായിരുന്നു സ്‌കോറുകള്‍.15ഉം 14 ഉം പന്തുകളിലായിരുന്നു ഈ സ്‌കോറുകള്‍.
വെങ്കിടേഷിന്റെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. താരം കളിക്കുന്നത് ഇംഗ്ലിഷ് ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്ക്‌സിനെ പോലെയാണെന്നാണ് മുന്‍ ന്യുസിലന്റ് താരവും കെകെആറിന്റെ കോച്ചുമായ ബ്രണ്ടന്‍ മക്കുലം പറയുന്നത്. താരത്തിന്റെ ഭാവി സുരക്ഷിതമാണെന്നും കോച്ചു പറയുന്നു.
ടോപ് ഓര്‍ഡര്‍ കളിക്കുന്ന ഒരു ഓള്‍ റൗണ്ടറുടെ കുറവ് ഇന്ത്യക്കുണ്ടെന്നും അത് മാറ്റാന്‍ വെങ്കിടേഷ് മതിയെന്നും മക്കുലം നിര്‍ദ്ദേശിക്കുന്നു. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും വെങ്കിടേഷിന്റെ ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തി. ഓള്‍ റൗണ്ടര്‍മാരുടെ അഭാവമാണ് ഇന്ത്യയുടെ പ്രശ്‌നമെന്നും ഇത് തീര്‍ക്കാന്‍ വെങ്കിടേഷാണ് ഉചിതമെന്നും ഗവാസ്‌കര്‍ പറയുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് കാണേണ്ട ഇന്നിങ്‌സാണ് വെങ്കിടേഷിന്റെതെന്നും ഗവാസ്‌കര്‍ പറയുന്നു. ആക്രമണോത്സുകതയാണ് വെങ്കിടിയുടെ മുഖമുദ്ര. താരം ഫാസ്റ്റ് ബൗളര്‍ അല്ല.എന്നാല്‍ മികച്ച യോര്‍ക്കറുകളാണ് വെങ്കിടേഷില്‍ നിന്ന് വരുന്നത്. ഇടം കൈയ്യന്‍ ബാറ്റ്‌സ്മാനായ വെങ്കിടേഷ് ഷോര്‍ട്ട് ബോളുകള്‍ മികച്ച രീതിയില്‍ കളിക്കുന്നു. ഓഫ്‌സൈഡില്‍ താരത്തിന്റെ ഡ്രൈവുകള്‍ വളരെ മികച്ചതാണെന്നും ഗവാസ്‌കര്‍ ചൂണ്ടികാട്ടുന്നു.
വെങ്കിടേഷിന്റെ ആഭ്യന്തര ക്രിക്കറ്റ് നേട്ടത്തിലേക്ക് നോക്കാം.മദ്ധ്യപ്രദേശിനായി ട്വന്റിയിലും ഏകദിനത്തിലും കളിച്ച താരം ടീമിന്റെ അണ്ടര്‍ 23 ക്യാപ്റ്റനാണ്. ഈ സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഒരിന്നിങ്‌സില്‍ നേടിയത് 198 റണ്‍സാണ്. ഇവനെ ആരും മറക്കരുത് ഇവിന്റെ പേര് വെങ്കിടേഷ് അയ്യര്‍ എന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചത്.ഐപിഎല്ലിലെ അടുത്ത സീസണില്‍ വെങ്കിടേഷിനെ റാഞ്ചാനാവും ഫ്രാഞ്ചൈസികള്‍ തമ്മില്‍ മല്‍സരമെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. 14 കോടിക്ക് മുകളില്‍ താരത്തിന് വില ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയുടെ അടുത്ത മല്‍സരങ്ങള്‍ ഹൈദരാബാദിനെതിരേയും രാജസ്ഥാനെതിരേയുമാണ്. രണ്ടിലും ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കലാണ് കെകെആര്‍ ലക്ഷ്യം.ഇതിന് ചുക്കാന്‍ പിടിക്കാന്‍ വെങ്കിടേഷ് അയ്യരുടെ തീപ്പാറും ബാറ്റിങ് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ .