മോണ്ടേവീഡിയോ: ഉറുഗ്വെ ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായിരുന്ന ഡീഗോ ഫോര്‍ലാന്‍ പ്രൊഫഷണല്‍ ടെന്നിസില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. ഫുട്ബോളില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫോര്‍ലാന്‍ ടെന്നിസില്‍ അരങ്ങേറുന്നത്. നവംബറില്‍ നടക്കുന്ന ഉറുഗ്വെ ഓപ്പണിലാണ് താരം അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും അത്ലറ്റികോ മാഡ്രിഡിന്റെയും മുന്‍ താരമായിരുന്നു ഫോര്‍ലാന്‍.
45കാരനായ താരം ഉറുഗ്വെ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ മത്സരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മോണ്ടെവീഡിയോയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ഫെഡറിക്കോ കോറിയയ്ക്കൊപ്പമാണ് റാക്കറ്റേന്തുക.2019ലാണ് ഫോര്‍ലാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും അത്ലറ്റികോ മാഡ്രിഡിനുമൊപ്പം പ്രീമിയര്‍ ലീഗ്, യൂറോപ്പ ലീഗ് കിരീടങ്ങള്‍ ഉള്‍പ്പടെയുള്ള കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2010 ലോകകപ്പില്‍ സെമി ഫൈനലിസ്റ്റായ ഉറുഗ്വെ ടീമിലെ പ്രധാന സ്ട്രൈക്കറായിരുന്നു ഫോര്‍ലാന്‍. രാജ്യത്തിന് വേണ്ടി 112 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടിയ ഫോര്‍ലാന്‍ വിയ്യാറയലിനും ഇന്ററിനും വേണ്ടി കളിച്ചിട്ടുണ്ട്.