വാക്‌സിനെടുക്കില്ല; ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും
ഇതിനോടകം മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു.
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും. ഈയാഴ്ച സിഡ്‌നിയില്‍ ആരംഭിക്കുന്ന എടിപി കപ്പ് ടീം ടൂര്‍ണ്ണമെന്റില്‍ നിന്ന് ജോക്കോവിച്ച് ഇന്ന് പിന്‍മാറിയിരുന്നു. ജനുവരി 17നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. കൊവിഡിനെതിരായ വാക്‌സിനെടുക്കാത്ത താരങ്ങളെ മല്‍സരിപ്പിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. വാക്‌സിനെതിരായ നിലപാടാണ് ജോക്കോവിച്ചിനുള്ളത്. അതിനാല്‍ താരം വാക്‌സിനെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനാല്‍ താരം ഉടന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായാണ് എടിപി കപ്പില്‍ നിന്നുള്ള താരത്തിന്റെ പിന്‍മാറ്റം.
എന്നാല്‍ ജോക്കോവിച്ച് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പൊലിമ നഷ്ടപ്പെടുമെന്നാണ് മുന്‍ താരങ്ങളുടെ വിലയിരുത്തല്‍. ഇതിനോടകം മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നും നിരവധി താരങ്ങള്‍ പിന്‍മാറിയിരുന്നു. വാക്‌സിനെടുക്കാത്ത താരങ്ങളെ പങ്കെടുപ്പിക്കേണ്ടെന്ന ടൂര്‍ണ്ണമെന്റ് അധികൃതരുടെ നിലപാടില്‍ മാറ്റം വരുത്തണമെന്നാണ് ചില താരങ്ങളുടെ പക്ഷം. ജോക്കോവിച്ചിന് ഇളവ് നല്‍കണമെന്നാണ് മറ്റ് ചില താരങ്ങളുടെ വാദം. ജോക്കോവിച്ചിന് മാത്രമല്ല മെഡിക്കല്‍ ഇളവ് ആവശ്യപ്പെടുന്ന താരങ്ങള്‍ക്ക് നിലവിലെ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്നാണ് വാദം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇത് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.