ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ; വാക്‌സിനെടുക്കാത്തത് തിരിച്ചടി
മെല്‍ബണിലെത്തിയ അദ്ദേഹത്തെ അധികൃതര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ നിലവിലെ ചാംപ്യന്‍ വാക്‌സിന്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ വിസ നിഷേധിച്ചത്. മെല്‍ബണിലെത്തിയ അദ്ദേഹത്തെ അധികൃതര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.
അധികൃതര്‍ വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കാണിക്കന്‍ ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്നാണ് താരത്തെ തടഞ്ഞത്. ഉടന്‍ തന്നെ ജോക്കോവിച്ചിനെ സെര്‍ബിയയിലേക്ക് മടക്കി അയക്കും. എന്നാല്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ മെഡിക്കല്‍ ഇളവ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് താരം മെല്‍ബണിലെത്തിയത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമുള്ള ഓസ്‌ട്രേലിയ സെര്‍ബിയന്‍ താരത്തെ തടയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലെ ജോക്കോ വാക്‌സിനെടുക്കാത്തതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താരം വാക്‌സിനെതിരേ നിലപാടുള്ള വ്യക്തിയാണ്. ഇതിനോടകം നിരവധി താരങ്ങള്‍ പിന്‍മാറിയ ടൂര്‍ണ്ണമെന്റില്‍ ജോക്കോയെ കൂടി തഴഞ്ഞതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പൊലിമ തന്നെ കുറയും.